ചേര്‍ത്തല: (www.kvartha.com) നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞതായി പരാതി. മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ കൂടിലാക്കി പൊഴിച്ചാലിലെറിയുന്നത് ബന്ധു കണ്ടതിനാല്‍ കുട്ടിയെ തക്ക സമയത്ത് രക്ഷപ്പെടുത്താന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയിലായിരുന്നു പരിസരവാസികളെ ഞെട്ടിച്ച സംഭവം. ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും ഭര്‍ത്താവിന്റെ വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയത്. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പറഞ്ഞതെന്ന് അര്‍ത്തുങ്കല്‍ പൊലീസ് വ്യക്തമാക്കി.
യുവതി വീടിനുസമീപത്തെ തോട്ടിലേക്ക് കൂടെറിയുന്നത് ഭര്‍തൃസഹോദരനാണ് കണ്ടത്. കുഞ്ഞിനെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്കുകള്‍ സാരമായതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുട്ടിയുടെ അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ ഇന്‍സ്പെക്ടര്‍ പി ജി മധു പറഞ്ഞു.