ന്യൂയോര്‍ക്: (www.kvartha.com) വിമാന യാത്രയ്ക്കിടെ ജീവനക്കാരിയുടെ മുഖത്ത് ഇടിക്കുകയും പല്ല് ഇളക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവതിക്ക് 15 മാസം തടവ്. സൗത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റിലെ അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിക്കുകയും പല്ല് ഇളക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാലിഫോര്‍ണിയ യുവതിക്കാണ് 15 മാസത്തെ ജയില്‍ ശിക്ഷ ഫെഡറല്‍ കോടതി വിധിച്ചത്.
2021 മെയ് 23-ന് സാക്രമെന്റോയ്ക്കും സാന്‍ ഡീഗോയ്ക്കും ഇടയിലുള്ള തെക്കുപടിഞ്ഞാറന്‍ വിമാനത്തിലാണ് സംഭവം. സംഭവത്തില്‍ ഏകദേശം 26,000 യു എസ് ഡോളര്‍ നഷ്ടപരിഹാരവും 7,500 യു എസ് ഡോളര്‍ പിഴയും അടയ്ക്കാന്‍ സാന്‍ ഡീഗോയിലെ ഫെഡറല്‍ ജഡ്ജി ചൊവ്വാഴ്ച ഉത്തരവിട്ടു. 29 കാരിയായ വിവിയാന ക്വിനോനെസിനാണ് കോടതി ശിക്ഷ വിധിച്ചത്.
സാക്രമെന്റോ യുവതിക്ക് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് വിമാനയാത്രയ്ക്ക് നിരോധനവും ഏര്‍പെടുത്തി. ഇതിനുപുറമെ കോപം നിയന്ത്രിക്കുന്ന ഏതെങ്കിലും ക്ലാസുകളിലോ കൗണ്‍സിലിംഗിലോ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
വിമാനത്തിലെ ക്രൂ അംഗങ്ങളും അറ്റന്‍ഡന്റുമാരും ഇടപെട്ട കേസില്‍ ക്വിനോനെസ് കഴിഞ്ഞ വര്‍ഷമാണ് കുറ്റം സമ്മതിച്ചത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്തും തലയിലും മുഷ്ടികൊണ്ട് ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. വിധിയുമായി ബന്ധപ്പെട്ട് യുവതിയോ അവരുടെ അഭിഭാഷകനോ ചൊവ്വാഴ്ച കോടതിയില്‍ അഭിപ്രായം പറയാന്‍ എത്തിയിരുന്നില്ല.
ഫ്‌ളൈറ്റ് എയര്‍പോര്‍ടില്‍ ലാന്‍ഡിംഗിന് തയാറെടുക്കുന്നതിനിടെ അറ്റന്‍ഡന്റ് ക്വിനോനെസിനോട് സീറ്റ് ബെല്‍റ്റ് കെട്ടാനും അവരുടെ കൈവശമുണ്ടായിരുന്ന ട്രേ ടേബിളില്‍ വയ്ക്കാനും ഫെയ്സ്മാസ്‌ക് ശരിയായി ധരിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ക്വിനോനെസ് അറ്റന്‍ഡര്‍ പറയുന്നത് അവരുടെ സെല്‍ഫോണില്‍ റെകോര്‍ഡുചെയ്യുകയും ജീവനക്കാരിയെ തള്ളിയിടുകയും എഴുന്നേറ്റു നിന്ന് അവരുടെ മുഖത്ത് ഇടിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. മറ്റുള്ള യാത്രക്കാര്‍ സംഭവത്തില്‍ ഇടപെടുന്നതിന് മുമ്പുതന്നെ യാത്രക്കാരി ജീവനക്കാരിക്ക് മേല്‍ ഇത്രധികം ആക്രമണം നടത്തിയെന്നും അധികൃതര്‍ പറഞ്ഞു.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ആക്രമണത്തില്‍ ജീവനക്കാരിയുടെ മൂന്ന് പല്ലുകള്‍ ഇളകിയെന്നും മുഖത്ത് ചതവുകളും ഇടത് കണ്ണിന് താഴെയുള്ള മുറിവില്‍ തുന്നല്‍ ആവശ്യമായി വന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
'യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രധാന ജോലികള്‍ ചെയ്യുന്ന ഫ്‌ളൈറ്റ് ക്രൂ അംഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല,' എന്ന് യുഎസ് അറ്റോര്‍ണി റാന്‍ഡി ഗ്രോസ്മാന്‍ ശിക്ഷാവിധിക്ക് ശേഷം പ്രസ്താവനയില്‍ പറഞ്ഞു.
എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് സ്റ്റേസി മോയ് അറ്റോര്‍ണിയുടെ ഈ വാചകം 'വിമാന യാത്രക്കാര്‍ക്ക് വളരെ ശക്തമായ സന്ദേശം നല്‍കണം എന്നും ഫ്‌ളൈറ്റ് ജീവനക്കാരെ ആക്രമിക്കുകയോ ഇടപെടുകയോ ചെയ്യുന്ന ആരെയും എഫ്ബിഐ ശക്തമായി ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.
കൊറോണ വൈറസ് മഹാമാരിക്കിടയില്‍ എയര്‍ലൈന്‍ യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം വര്‍ധിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവം. കൂടാതെ വിമാനങ്ങളില്‍ കൂടുതല്‍ ഫെഡറല്‍ എയര്‍ മാര്‍ഷലുകളെ നിയമിക്കാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.
2021 ല്‍ എയര്‍ലൈന്‍സ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ അയ്യായിരത്തിലധികം യാത്രക്കാരുടെ മോശം സംഭവങ്ങളാണ് റിപോര്‍ട് ചെയ്തത്.
വിമാനത്തിലായിരിക്കുമ്പോള്‍ യാത്രക്കാര്‍ മുഖംമൂടി ധരിക്കണമെന്ന ഫെഡറല്‍ നിബന്ധന പാലിക്കാന്‍ വിസമ്മതിച്ച യാത്രക്കാരാണ് ഇതില്‍ ഭൂരിഭാഗവും. എന്നാല്‍ 300 ഓളം പേര്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ യാത്രക്കാരാണെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.
Keywords: Woman gets 15 months in prison for punching flight attendant, New York, News, Flight, Passenger, Jail, Court, World.