കൊച്ചി: (www.kvartha.com) യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷനര്‍ സി എച് നാഗരാജു. വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തുമെന്നാണ് റിപോര്‍ട്. ലുകൗട് നോടീസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യം ചെയ്യുമെന്നും കമീഷനര്‍ പറഞ്ഞു.
വിജയ് ബാബുവിന് പണത്തിനായി ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ യുവനടിയെയാണ് പൊലീസ് ചോദ്യം ചെയ്യുക. ദുബൈയില്‍ നേരിട്ട് എത്തി വിജയ് ബാബുവിനായി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ യുവനടി നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂടിങ് ലൊകേഷനില്‍ നിന്നാണ് യുവനടിയായ സുഹൃത്ത് നെടുമ്പാശേരി വഴി ദുബൈയിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയെന്നാണ് കണ്ടെത്തല്‍.
അതേസമയം, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈകോടതി വീണ്ടും പരിഗണിക്കും. നാട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യഹര്‍ജി തള്ളുമെന്ന നിലപാട് കോടതി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. നേരത്തേ, വിജയ് ബാബുവിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടു.
എവിടെയായാലും അറസ്റ്റ് അനിവാര്യമെന്ന് സര്‍കാര്‍ ഹൈകോടതിയില്‍ പറഞ്ഞു. ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് എടുക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയില്ല.
ഈ മാസം 30ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്തമാക്കി. നിയമത്തില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വിജയ് ബാബുവിന് ജാമ്യം നല്‍കരുതെന്ന് എഡിജിപിയും അഭ്യര്‍ഥിച്ചു. ഇതിനിടെ പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.