മംഗ്ലൂറു: (www.kvartha.com) എഴുന്നൂറ് വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദിന് പുറത്ത് പൂജ നടത്തിയതായി വി എച് പിയും ബജ്റംഗ്ദളും അവകാശപ്പെട്ടു. പള്ളിക്ക് അകത്ത് ക്ഷേത്രമുണ്ടെന്നാണ് ഇവരുടെ വാദം. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗഞ്ചിമഠിന് അടുത്തുള്ള മലാലി ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
പഴയ മരപ്പണിയുടെ ഒരു ഭാഗത്തിന്റെ രൂപകല്പനയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രം ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിഷത് (VHP) പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തീരപ്രദേശത്തുടനീളം പൊതുവായി കാണപ്പെടുന്ന ഇന്‍ഡോ-അറബിക് ശൈലി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് മസ്ജിദ് ജെനറല്‍ സെക്രടറി സര്‍ഫറാസ് മലാലി പറഞ്ഞു.
മംഗ്ലൂറു കമിഷണര്‍ എന്‍ ശശി കുമാര്‍ ബുധനാഴ്ച മലാലി പള്ളിക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴും, വിഎച്പിയും ബജ്‌റംഗ്ദളും പള്ളിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള രാമ ആഞ്ജനേയ ക്ഷേത്രത്തിനുള്ളില്‍ പൂജ നടത്തി.
ബുധനാഴ്ച രാവിലെ ആരംഭിച്ച 'താംബൂല പ്രശ്‌ന' ചടങ്ങിനിടെ, ചില സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പള്ളി നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റിയെന്നും എല്ലാവരും ഒത്തുചേര്‍ന്നില്ലെങ്കില്‍ നഗരം കഷ്ടപ്പെടുമെന്നും ഗോപാലകൃഷ്ണ പണിക്കര്‍ അവകാശപ്പെട്ടു. ജ്യോതിഷി കൂടിയായ പുരോഹിതനാണ് ഇദ്ദേഹം. അവിടെ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നിരിക്കാമെന്ന് പറഞ്ഞ ഇദ്ദേഹം എന്നാല്‍ അത് നശിപ്പിക്കാനുള്ള യഥാര്‍ഥ കാരണം തനിക്ക് 'നിര്‍ണയിക്കാന്‍' കഴിയില്ലെന്നും അറിയിച്ചു.
തീരദേശ കര്‍ണാടകയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും 'അന്തലോക'ത്തിലേക്ക് ഒരു ചാനലുണ്ടെന്ന് അവകാശപ്പെടുന്ന പുരോഹിതന്മാര്‍ പൂര്‍വികരുടെ ആത്മാക്കളെ ആവാഹിക്കുന്നതിനായി ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു സാധാരണ നിഗൂഢ ആചാരമാണ് 'താംബൂല പ്രശ്നം'. മസ്ജിദിന്റെ ചരിത്രം അറിയാനുള്ള അടുത്ത പടിയായി ഹിന്ദുത്വ
പ്രവര്‍ത്തകര്‍ താംബൂല പ്രശ്‌നത്തിന് ശേഷം 'അഷ്ടമംഗല പ്രശ്നം' നടത്താനും തീരുമാനിച്ചു.
പുനരുദ്ധാരണ വേളയില്‍ മസ്ജിദില്‍ ക്ഷേത്രസമാനമായ ഒരു നിര്‍മിതി കണ്ടെത്തിയെന്ന് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുകയും 'സത്യം കണ്ടെത്തുക' എന്ന് അവകാശപ്പെടുകയും ചെയ്തു. പള്ളി നവീകരിച്ചതിന് ശേഷമാണ് ക്ഷേത്രത്തിന് സമാനമായ ഘടന വെളിപ്പെട്ടത്. സംഭവം വിവാദമായതോടെ മസ്ജിദ് മാനേജ്മെന്റിനോട് പണി നിര്‍ത്തിവെക്കാന്‍ ദക്ഷിണ കന്നട ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
പള്ളിയുടെ സത്യാവസ്ഥ തങ്ങള്‍ കണ്ടെത്തുമെന്ന് വിശ്വഹിന്ദു പരിഷതും (VHP), ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും അവകാശപ്പെട്ടതിനെ തുടര്‍ന്ന് മംഗ്ലൂര്‍ കമിഷണര്‍ എന്‍ ശശി കുമാര്‍ മലാലിയിലെ അസ്സയ്യിദ് അദ്ബുല്ലാ ഹില്‍ മഅ്ദനി പള്ളിക്ക് ചുറ്റും നിരോധനാജ്ഞ പുറപ്പെടുവിച്ചു. വിശ്വ ഹിന്ദു പരിഷതും, ബജ്റംഗ്ദള്‍ സംഘടനകളും ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് സമ്പാദിച്ച വിധിയും ക്രമസമാധാന പ്രശ്നവും മുന്‍നിര്‍ത്തിയാണ് ജില്ല ഡെപ്യൂടി കമിഷണര്‍ ഡോ. കെ വി രാജേന്ദ്ര, മംഗ്ലൂറു സിറ്റി പൊലീസ് കമിഷണര്‍ എന്‍ ശശികുമാര്‍ എന്നിവരുടെ നടപടി.
മംഗ്ലൂറിലെ സീനത് ബക്ഷ് ജുമ മസ്ജിദിലും മലാലി മസ്ജിദിലെ കൊത്തുപണികള്‍ ശ്രദ്ധേയമാണ്. 'നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെ സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നത്. ഈ പുതിയ അവകാശവാദം രാഷ്ട്രീയവല്‍കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള ശ്രമമാണെന്ന് മസ്ജിദ് ജെനറല്‍ സെക്രടറി സര്‍ഫറാസ് മലാലി ആരോപിച്ചു.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ ജാമിഅ മസ്ജിദ് തിരിച്ചെടുക്കാനുള്ള നീക്കവും ഹിന്ദു പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്. ജ്ഞാനവാപി മസ്ജിദിന്റെ മാതൃകയില്‍ മസ്ജിദില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഇതിനകം ജില്ലാ ഭരണകൂടത്തിന് ഒരു മെമോറാന്‍ഡം നല്‍കിയിട്ടുണ്ട്. സര്‍കാര്‍ പ്രതികരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 21നാണ് പ്രശ്നങ്ങളുടെ തുടക്കം. പഞ്ചായത് അനുമതിയോടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പള്ളിയുടെ ചുറ്റുമതിലും മുന്‍ഭാഗത്ത് അസ്സയ്യിദ് അബ്ദുല്ലാഹി മഅ്ദനി പള്ളിയുടേയും ദര്‍ഗയുടേയും കോണ്‍ക്രീറ്റ് നിര്‍മിതിയും പൊളിക്കുന്നതിനിടെ ഉള്‍ഭാഗത്തെ കെട്ടിടത്തിന്റെ ഛായ ക്ഷേത്രത്തിന്റേതിന് സമാനമെന്ന് കണ്ടതോടെ വി എച് പി മേഖല സെക്രടറി ശരണ്‍ പമ്പുവെലിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ തര്‍ക്കം ഉന്നയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മംഗ്ലൂറു തഹസില്‍ദാര്‍ പുരന്തറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി രേഖകള്‍ പരിശോധിച്ചു. മസ്ജിദ് കമിറ്റി പ്രസിഡന്റ്് മുഹമ്മദ് മാമു 900 വര്‍ഷം പുരാതനമായ പള്ളിയുടെ സൂചനകളും ക്ഷേത്രമുഖം എന്ന് തോന്നാന്‍ കാരണമായ പഴയകാല തച്ചു ശാസ്ത്ര നിര്‍മാണ ശൈലിയും വിശദീകരിക്കുകയും വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനക്ക് നല്‍കുകയും ചെയ്തു. 2001ല്‍ 90 സെന്റ് ഭൂമി മസ്ജിദ് നവീകരണത്തിനായി സര്‍കാര്‍ അനുവദിച്ചതിന്റെ രേഖകള്‍ തഹസില്‍ദാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടര്‍ന്ന് ജില്ല ഡെപ്യൂടി കമിഷണര്‍ തല്‍സ്ഥിതി തുടരാം എന്നറിയിച്ചു.
അതിനിടെ ശരണും സംഘവും കോടതിയില്‍ നിന്ന് താല്‍കാലിക സ്റ്റേ ഉത്തരവ് വാങ്ങുകയായിരുന്നു. കേരളത്തില്‍ നിന്ന് ജ്യോതിഷ പണ്ഡിതനെ കൊണ്ടുവന്ന് 'അഷ്ടമംഗല പ്രശ്നം' നടത്തി മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെട്ട ശേഷമേ അന്തിമ തീരുമാനം സാധ്യമാവൂ എന്നാണ് വി എച് പി, ബജ്റംഗ്ദള്‍ നിലപാട്.
Keywords: VHP, Bajrang Dal hold pooja outside Mangaluru mosque, claim there's a temple inside, Mangalore, News, Religion, Temple, Mosque, National.