കോഴിക്കോട്: (www.kvartha.com) വടകര അഴിയൂര്‍ സ്വദേശി റിസ് വാന(22)യുടെ ദുരൂഹ മരണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് ശംനാസ്, ഭര്‍തൃ പിതാവ് അഹ് മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
മേയ് ഒന്നിനാണ് റിസ് വാനയെ കൈനാട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃഗൃഹത്തിലെ അലമാരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
പിന്നാലെ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. ഭര്‍തൃവീട്ടില്‍ നിരന്തരമായി മാനസിക-ശാരീരിക പീഡനത്തിന് റിസ് വാന ഇരയായിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തുടര്‍ച്ചയായി പീഡനത്തിനിരയായെന്നാണ് വീട്ടുകാര്‍ ആരോപിച്ചത്.
കുടുംബത്തിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും രണ്ട് പേരുടെ അറസ്റ്റിലേക്കെത്തിയതും. നേരത്തെ ഭര്‍ത്താവിനും പിതാവിനുമൊപ്പം ഭര്‍ത്താവിന്റെ സഹോദരിയേയും അമ്മയെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
റിസ് വാന കൂട്ടുകാരുമായി നടത്തിയ വാട്‌സ്ആപ് ചാറ്റുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് പെണ്‍കുട്ടി കൂട്ടുകാരുമായുള്ള ചാറ്റുകളില്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടെല്ലാം ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റുണ്ടായത്.