കൊച്ചി: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ സുള്‍ഫതിനൊപ്പം പോളിംഗ് ബൂതിലെത്തി വോട് ചെയ്ത് നടന്‍ മമ്മൂട്ടി. പൊന്നുരുന്നി എല്‍പി സ്‌കൂളിലെത്തിയാണ് വോട് രേഖപ്പെടുത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു.
തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂതിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
ഹരിശ്രീ അശോകന്‍, അന്ന ബെന്‍, നടന്‍ ലാല്‍, രഞ്ജി പണിക്കര്‍ എന്നിവരടക്കമുള്ള താരങ്ങളും തൃക്കാക്കരയിലെ വോടര്‍മാരാണ്. ഇവരെല്ലാവരും രാവിലെ തന്നെ അതാത് ബൂതുകളിലെത്തി വോട് രേഖപ്പെടുത്തി.
അയ്യനാട് എല്‍ പി സ്‌കൂളിലെ 132ാം നമ്പര്‍ ബൂതിലാണ് ഹരിശ്രീ അശോകന്‍ വോട് രേഖപ്പെടുത്തിയത്. നടന്‍ ജനാര്‍ദനന്‍ വെണ്ണല ഹൈസ്‌കൂളിലും ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗവ. ബിടിഎസ് എല്‍പി സ്‌കൂള്‍ ബൂത് 16ലുമാണ് വോട് ചെയ്തത്. കടവന്ത്രയിലെ 105-ാം നമ്പര്‍ ബൂതിലാണ് രഞ്ജി പണിക്കര്‍ വോട് ചെയ്തത്.
വ്യക്തിയെ നോക്കിയാണ് തന്റെ വോടെന്ന് നടന്‍ ലാല്‍ പറഞ്ഞു. ട്വന്റി ട്വന്റിയുടെ ഭാഗമല്ല. നടിയെ ആക്രമിച്ച കേസ് ചര്‍ച ചെയ്യപ്പെടേണ്ടതാണ്. പക്ഷെ തെരഞ്ഞെടുപ്പില്‍ ചര്‍ച ചെയ്യപ്പെടണോയെന്ന് ചിന്തിക്കേണ്ടതാണെന്നും ലാല്‍ പ്രതികരിച്ചു.
സര്‍കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. 'എല്ലാവര്‍ഷവും വോട് ചെയ്യാറുണ്ട്. ആര്‍ക്ക് വോട് ചെയ്യണമെന്ന കൃത്യമായ ധാരണയോടെയാണ് എല്ലാവര്‍ഷവും ബൂതിലേക്കെത്താറുള്ളത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സര്‍കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പല്ല. എന്നാല്‍ അതേസമയം, രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ണായകമാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്'.- മാധ്യമങ്ങളോട് സംസാരിക്കവെ രഞ്ജി പണിക്കര്‍ പറഞ്ഞു.
രാവിലെ കൃത്യം ഏഴ് മണിക്ക് തന്നെ ആരംഭിച്ച വോടെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഒമ്പത് മണിവരെ 15.93 ശതമാനമാണ് പോളിങ്. വൈകിട്ട് ആറ് മണി വരെയാണ് വോടെടുപ്പ്. പോളിങ് ബൂതുകളില്‍ എല്ലാം നീണ്ട നിരയാണ് ഇപ്പോഴും. സ്ഥാനാര്‍ഥികളായ ഉമാ തോമസും ജോ ജോസഫും രാവിലെ തന്നെ വോട് രേഖപ്പെടുത്തി.
ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂതിലെത്തിയാണ് വോട് രേഖപ്പെടുത്തിയത്. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ഥിച്ചതിനുശേഷം ഉമാ തോമസ് പൈപ്‌ലൈന്‍ ജങ്ഷനിലെ പോളിങ് ബൂതിലെത്തി വോടുചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോടില്ല.
മണ്ഡലത്തിലാകെ 239 പോളിങ് ബൂതുകളാണുള്ളത്. 1,96,805 വോടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. ഇതില്‍ 3633 പേര്‍ കന്നി വോടര്‍മാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോടര്‍മാരിലുണ്ട്.