Students Attacked | 'സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ച് ക്രൂരമര്‍ദനം, ഹെല്‍മറ്റ് വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ ശ്രമിച്ചു'; ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് ബൈകില്‍ മടങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ വഴിയില്‍ ആക്രമിക്കപ്പെട്ടതായി പരാതി

 



മലപ്പുറം: (www.kvartha.com) ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് ബൈകില്‍ മടങ്ങിയ വിദ്യാര്‍ഥികള്‍ വഴിയില്‍ ആക്രമിക്കപ്പെട്ടതായി പരാതി. മലപ്പുറം തിരുവാലി സ്വദേശികളായ രണ്ട് മലയാളി വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 

ബെംഗ്‌ളൂറില്‍ പ്രൊഡക്ട് ഡിസൈനിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ ബരാക് മാത്യു (21), മൈസൂരു ബെന്നിമണ്ഡപത്തെ കോളജിലെ രണ്ടാംവര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ എബിന്‍ രഞ്ജിത്ത് (20) എന്നിവര്‍ക്കാണ് ബെംഗ്‌ളൂറു-മൈസൂറു പാതയില്‍വച്ച് മര്‍ദനമേറ്റത്.

പൊതുപ്രവര്‍ത്തകനും നാഷനല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എന്‍വയോന്‍മെന്റ് ഫോറം ദേശീയ വൈസ് ചെയര്‍മാനുമായ ശാജഹാന്‍ പത്തിരിയാല്‍ ഇടപെട്ടാണ് എടവണ്ണ പൊലീസില്‍ പരാതി നല്‍കിയത്. ഉപദ്രവിച്ച അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് യുവാക്കള്‍ പറഞ്ഞു.

25-ന് വൈകീട്ട് ആറോടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ആരോണിന്റെ സഹോദരിയുടെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് സ്‌കൂടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്ക് സമീപം ഇവര്‍ ആക്രമിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

നിര്‍ത്തിയിട്ട ബൈക് പെട്ടെന്ന് റോഡിന് കുറുകെയിട്ട് രണ്ടുപേര്‍ ഇവരെ സ്‌കൂടറില്‍നിന്ന് വലിച്ചു താഴെയിട്ടതിന് പിന്നാലെ ഇതേസമയംതന്നെ കുറച്ചുപേര്‍ റോഡിന്റെ പലഭാഗത്തുനിന്നുമെത്തി സംഘംചേര്‍ന്ന് മര്‍ദിച്ചുവെന്ന് ഇവര്‍ പറയുന്നു.

'മര്‍ദനം തുടര്‍ന്ന അക്രമികള്‍ സ്‌കൂടര്‍ ചവിട്ടി നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ ഇരുവരും സ്‌കൂടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ഇരുവരും ഹെല്‍മറ്റ്
ധരിച്ചിരുന്നെങ്കിലും ഇത് വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ പലയാവര്‍ത്തി അക്രമികള്‍ ശ്രമിച്ചു'- ഇവര്‍ പറയുന്നു.

Students Attacked | 'സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ച് ക്രൂരമര്‍ദനം, ഹെല്‍മറ്റ് വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ ശ്രമിച്ചു'; ബെംഗ്‌ളൂറിലെ കോളജില്‍നിന്ന് ബൈകില്‍ മടങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ വഴിയില്‍ ആക്രമിക്കപ്പെട്ടതായി പരാതി


നാട്ടുകാരെന്ന് കരുതുന്ന ചിലര്‍ വന്നാണ് രക്ഷപ്പെടുത്തിയതെന്നും ബാഗിലുണ്ടായിരുന്ന ലാപ്‌ടോപും ഐപാഡും തകര്‍ത്തുവെന്നും അക്രമത്തിനുള്ള കാരണം എന്താണെന്നറിയില്ലെന്നും ഇവര്‍ മൊഴി നല്‍കി. 

പിന്നീട് മൈസൂറില്‍നിന്ന് ബസില്‍ നാട്ടിലെത്തിയ ഇവര്‍ പരാതി നല്‍കാന്‍പോലും ഭയന്നിരിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിനിടെയാണ് ഹൈവേ കവര്‍ച നടത്തുന്ന ഏഴംഗ മലയാളിസംഘത്തെ ഇതേ സ്ഥലത്തുവച്ച് കഴിഞ്ഞദിവസം മാണ്ഡ്യ പൊലീസ് അറസ്റ്റുചെയ്ത വാര്‍ത്ത പത്രത്തിലൂടെ അറിഞ്ഞത്. അതോടെ, ആക്രമിച്ചത് ഇവരായിരിക്കാനുള്ള സാധ്യത മനസിലാക്കിയതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

Keywords:  News,Kerala,State,Malappuram,attack,Complaint,Travel,Police,police-station,Students, Students Attacked In Mandya Road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia