Sidhu Moose Wala | സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയില്‍ നിന്നുള്ള അക്രമി സംഘം

 


ചണ്ഡീഗഢ്: (www.kvartha.com) പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സംശയിക്കുന്നതായി പഞ്ചാബ് പൊലീസ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയില്‍ നിന്നുള്ള ഒരു അധോലോക സംഘാംഗം രംഗത്തെത്തിയതായും പഞ്ചാബ് പൊലീസ് ഡി ജി പി ഡികെ ബാവ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 Sidhu Moose Wala | സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയില്‍ നിന്നുള്ള അക്രമി സംഘം

'ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തില്‍ ഉള്‍പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ അംഗമായ ലകി, കാനഡയില്‍ നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്', എന്ന് ഡി ജി പി പറഞ്ഞു. വികി മിദ്ദുഖേര എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, സിദ്ധുവിന്റെ മാനേജര്‍ ഷഗന്‍പ്രീതിന്റെ പേര് നേരത്തെ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു വികി കൊല്ലപ്പെട്ടത്. വികിയുടെ കൊലയ്ക്കുള്ള തിരിച്ചടിയായാണ് സിദ്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് സിദ്ധു മൂസേവാല കാറില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിക്കുന്നത്. സംഭവം നടന്ന സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ വി ഐ പി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഭഗവന്ത് മന്‍ സര്‍കാര്‍ സിദ്ധു ഉള്‍പെടെ 424 പേര്‍ക്ക് നല്‍കിവന്നിരുന്ന സുരക്ഷ പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിദ്ധുവിനെതിരേ ആക്രമണം നടന്നത്. എന്നിരുന്നാലും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവരെ സിദ്ധു കഴിഞ്ഞദിവസത്തെ യാത്രയില്‍ കൂട്ടിയിരുന്നില്ല. മാത്രമല്ല, ബുള്ളറ്റ് പ്രൂഫ് കാറുണ്ടായിരുന്നിട്ടും കഴിഞ്ഞദിവസം അദ്ദേഹം ആ കാറിലായിരുന്നില്ല യാത്ര ചെയ്തിരുന്നത്. ജവാഹര്‍ കേ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ധുവിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സിദ്ധുവിന്റെ സുരക്ഷ പിന്‍വലിച്ച ഭഗവന്ത് മന്‍ സര്‍കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സംഭവത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

Keywords: Singer Sidhu Moose Wala Shot Dead. Canada-Based Gangster Did It, Say Cops, New Delhi, News, Police, Press meet, Gun attack, Trending, Singer, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia