ദോഹ: (www.kvartha.com) മിലിപോള്‍ ഖത്വറിന്റെ 14-ാമത് എഡിഷന്‍ 2022 പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ആഭ്യന്തര സുരക്ഷയ്ക്കും പൊതു പ്രതിരോധത്തിനുമുള്ള ഒരു അന്താരാഷ്ട്ര പരിപാടിയാണിത്. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കന്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) മൂന്നു ദിവസം പ്രദര്‍ശനം നടക്കും.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും, രാജ്യം സന്ദര്‍ശിക്കുന്ന മന്ത്രിമാരും നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് നേതാക്കളും അംബാസഡര്‍മാരും പ്രതിനിധികളും പ്രദര്‍ശന കംപനികളും പങ്കെടുത്തു.
ഉദ്ഘാടനത്തിനുശേഷം, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എക്‌സിബിഷന്‍ കണ്ടു. പ്രദര്‍ശനത്തിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍, സേവനങ്ങള്‍, ആഭ്യന്തര സുരക്ഷ, സിവില്‍ ഡിഫന്‍സ് മേഖലകളിലെ നൂതന സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പുതിയ സുരക്ഷാ സംവിധാനങ്ങളുടെ സവിശേഷതകള്‍, അവയുടെ ചുമതലകള്‍, നൂതന സാങ്കേതിക വിദ്യകള്‍, അവയുടെ സംയോജനത്തിന്റെ സ്വഭാവം, ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള പങ്ക് എന്നിവയെക്കുറിച്ചുള്ള വിശദീകരണവും അദ്ദേഹം നല്‍കി.
മെട്രാഷ് 2 ആപ്ലികേഷന്‍, ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ആപ്ലികേഷന്‍, മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ 17 പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് പുറമേ, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി സുരക്ഷാ സേവന വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി പദ്ധതികളും കെട്ടിടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 220 അന്താരാഷ്ട്ര, പ്രാദേശിക പ്രദര്‍ശന കംപനികള്‍ ഉള്‍പെടെ എക്സിബിഷനില്‍ പങ്കെടുക്കുന്നു. വിവിധ സെക്യൂരിറ്റി, സിവില്‍ ഡിഫന്‍സ് മേഖലകള്‍, പ്രതിരോധ പരിഹാരങ്ങളും ഉപകരണങ്ങളും, കമ്യൂനികേഷന്‍സ് ആന്‍ഡ് റെസ്‌ക്യൂ ടെക്നോളജി, സെക്യൂരിറ്റി, നിയമ നിര്‍വഹണ ഉല്‍പന്നങ്ങള്‍, കമ്യൂനികേഷന്‍സ് സോഫ്റ്റ് വെയര്‍ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ കംപനികള്‍ക്ക് കഴിയും.