ശ്രീനഗര്‍: (www.kvartha.com) കേന്ദ്രസര്‍കാരിനെതിരെ ആഞ്ഞടിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല. തീവ്രവാദികള്‍ അവര്‍ ആഗ്രഹിക്കുന്നിടത്ത് ആക്രമണം നടത്തുകയാണെന്നും അവരെ തടയാന്‍ സര്‍കാരിന് കഴിയുന്നില്ലെന്നും ഒമര്‍ കുറ്റപ്പെടുത്തി . അടുത്തിടെ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ടെലിവിഷന്‍ താരം അമ്രീന്‍ ഭട്ടിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കശ്മീരില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലെന്ന് പറഞ്ഞ അദ്ദഹം ആളുകള്‍ക്ക് അവരുടെ വീടുകളില്‍ കഴിയാന്‍ ഇപ്പോള്‍ ഭയം തോന്നുന്നുവെന്നും അഭിപ്രായപ്പെട്ടു. ടെലിവിഷന്‍ താരം കൊല്ലപ്പെട്ട സംഭവത്തില്‍ തീവ്രവാദികള്‍ അവരെ വസതിക്കുള്ളില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ഭീകരര്‍ ഇവിടേക്ക് സ്വതന്ത്രമായി എത്തിച്ചേരുന്നു. ഡ്യൂടിയില്‍ അല്ലാത്ത പൊലീസുകാര്‍, പഞ്ചുകള്‍, സാധാരണക്കാര്‍ എന്നിവരാണ് അവരുടെ ഇരകള്‍.
ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാരാണെന്നും അബ്ദുല്ല കുറ്റപ്പെടുത്തി. 'നമ്മുടെ ഗവണ്‍മെന്റിനെ അപേക്ഷിച്ച് കശ്മീര്‍ താഴ്വരയിലെ സ്ഥിതി കൂടുതല്‍ വഷളായിരിക്കയാണ്. ശ്രീനഗര്‍, ഗന്ദര്‍ബാല്‍, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഞങ്ങള്‍ തീവ്രവാദത്തെ ഏതാണ്ട് ഇല്ലാതാക്കി,' എന്നും ഒമര്‍ അവകാശപ്പെട്ടു.
വിനോദസഞ്ചാര രംഗത്തെ കുതിച്ചുചാട്ടത്തെ കേന്ദ്രം സാധാരണ നിലയുമായി താരതമ്യപ്പെടുത്തുകയാണെന്നും എന്‍സി നേതാവ് പറഞ്ഞു. എന്നാല്‍ അവ രണ്ട് വ്യത്യസ്ത വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ കാലത്തും വന്‍തോതില്‍ വിനോദസഞ്ചാരികള്‍ താഴ്വര സന്ദര്‍ശിക്കാറുണ്ടെങ്കിലും കശ്മീരിന്റെ സാഹചര്യവുമായി അതിനെ കൂട്ടിക്കുഴക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രികറ്റ് അഴിമതിക്കേസില്‍ തന്റെ പിതാവും എന്‍സി മേധാവിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇഡി സമന്‍സ് അയച്ചതിനെക്കുറിച്ചും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പ്രതികരിച്ചു. 'ജെ കെ എന്‍ സി(JKNC) പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്കുള്ള ഏറ്റവും പുതിയ ഇഡി സമന്‍സ് ഇന്‍ഡ്യയിലെ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കും സാധാരണമാണ്.
ഏത് സംസ്ഥാനത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓരോ തവണയും, അന്വേഷണ ഏജന്‍സികള്‍ ആദ്യം ബി ജെ പിക്ക് വഴിയൊരുക്കാന്‍ നീക്കങ്ങള്‍ നടത്തുന്നു. ഇത്തവണത്തെ കേസ് ഇതാണ്. ബി ജെ പി സര്‍കാരിനെ എതിര്‍ക്കുന്നതിന് പ്രതിപക്ഷ പാര്‍ടികള്‍ നല്‍കുന്ന വില ഇതാണ്,' എന്നും അബ്ദുല്ല ആരോപിച്ചു.
എന്‍സി മേധാവി വിഷയത്തില്‍ തന്റെ നിരപരാധിത്വം തുടരുകയും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുകയും ചെയ്തു. ഈ കേസിലും അങ്ങനെ തന്നെ ചെയ്യും. ജമ്മു കശ്മീരില്‍ ലക്ഷ്യമിടുന്ന ഒരേയൊരു നേതാക്കള്‍ പിഎജിഡി സഖ്യകക്ഷികളില്‍ പെട്ടവരാണെന്നത് യാദൃശ്ചികമല്ലെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.
മെയ് 31 ന് ഡെല്‍ഹിയിലെ ആസ്ഥാനത്ത് ഹാജരാകാനാണ് ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇഡി അയച്ച സമന്‍സില്‍ പറയുന്നത്.
Keywords: ‘People feeling scared in their homes, situation has turned worse in Kashmir’: Omar Abdullah attacks Centre, Srinagar, News, Politics, Jammu, Kashmir, Criticism, Terrorists, Attack, National.