People Jump | ഡെല്‍ഹിയില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന 30 ഓളം പേരെ കാണാനില്ല; 4 നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും കണ്ടെത്തിയത് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; കെട്ടിടത്തില്‍ നിന്നും ആളുകള്‍ പ്രാണരക്ഷാര്‍ഥം ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന മുപ്പതോളം പേരെ കാണാനില്ലെന്ന് പൊലീസ്. ഇതുസംബന്ധിച്ച് ഇതുവരെ 28 പരാതികള്‍ ലഭിച്ചതായും ഏതാനും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡെല്‍ഹി പൊലീസും അഗ്നിശമനസേനാംഗങ്ങളും അറിയിച്ചു.

People Jump | ഡെല്‍ഹിയില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന 30 ഓളം പേരെ കാണാനില്ല; 4 നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും കണ്ടെത്തിയത് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; കെട്ടിടത്തില്‍ നിന്നും ആളുകള്‍ പ്രാണരക്ഷാര്‍ഥം ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. രാസപരിശോധന നടത്തേണ്ടതായി വരും. നാലു നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നാണ് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ നിലയിലെ എ സി തകരാറായതിനെ തുടര്‍ന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ തീപിടുത്തത്തിനിടെ നാല് നില കെട്ടിടത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പടരുമ്പോള്‍ ജനലിലൂടെ കയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചിലര്‍ ജനലിലൂടെ പുറത്തേക്ക് എടുത്തുചാടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കെട്ടിടത്തില്‍നിന്ന് പുക ഉരുന്നതുകണ്ട് പുറത്തുള്ള ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീടാണ് തീപിടുത്തമാണെന്ന് വ്യക്തമായത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി.

അപകടം നടന്നയുടന്‍ 24 അഗ്‌നിരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം ദുഷ്‌കരമാവുകയായിരുന്നു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

പിന്നീട് ഏണികള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന എഴുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഡെല്‍ഹിയിലെ മുണ്ട്കയില്‍ സി സി ടി വി നിര്‍മാണ യൂനിറ്റിന് തീപിടിച്ചത്. അപകടത്തില്‍ 27 പേര്‍ വെന്തുമരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് തിപിടുത്തമുണ്ടായ കെട്ടിടം. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമകളായ ഹരീഷ് ഗോയല്‍, വരൂണ്‍ ഗോയല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും അപകടത്തില്‍പെട്ടവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Keywords: On Camera, Desperate People Jump From Burning Delhi Building, New Delhi, News, Dead Body, Police, Arrested, Kerala, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia