ന്യൂഡെല്‍ഹി: (www.kvartha.com) ചിത്രങ്ങളും ചാറ്റുകളും ഹാക് ചെയ്ത് പരസ്യമാക്കിയെന്ന പരാതിയുമായി സ്റ്റാര്‍ടപ് കംപനി സിഇഒ സ്ഥാനത്തുനിന്ന് പുറത്തായ അങ്കിതി ബോസ്. സംരക്ഷണം ആവശ്യപ്പെട്ട് സിംഗപുര്‍ സര്‍കാരിനെ സമീപിച്ചതായും കഴിഞ്ഞ ഏഴു ദിവസമായി താന്‍ വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നതെന്നും അങ്കിതി സമൂഹമാധ്യമത്തില്‍ കുറിച്ചു. തന്നെ ഭീഷണിപ്പെടുത്താനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമിക്കുന്നതിനാലാണ് നിയമപരിരക്ഷ തേടിയതെന്ന് അങ്കിതി പറഞ്ഞു.
തന്റെ സ്വകാര്യ ചിത്രങ്ങള്‍, ചാറ്റുകള്‍, മറ്റു പ്രധാന രേഖകള്‍ എന്നിവ അനുവാദമില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി കരുതുന്നുവെന്ന് അങ്കിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇപ്പോള്‍ അതിന്റെ വിവിധ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അവ വ്യാജമാണെന്നും അവര്‍ പറയുന്നു. പക്ഷേ ആ ചാറ്റുകള്‍ അപകടകരമാണെന്നും ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലെന്നും അങ്കിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എന്നാല്‍ അങ്കിതിക്കെതിരായ ആരോപണങ്ങളെക്കുറിച്ചോ ഓഡിറ്റിന്റെ കണ്ടെത്തലുകളെക്കുറിച്ചോ സ്ഥാപനം വിശദീകരിച്ചിട്ടില്ല. ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും അങ്കിതി തന്നെക്കുറിച്ച് ലഭിച്ചെന്ന് പറയുന്ന പരാതി ഇതുവരെ കണ്ടിട്ടില്ലെന്നും സ്ഥാപനം അറിയിച്ചിരുന്നു.
സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് സിംഗപുര്‍ ആസ്ഥാനമായ പ്രമുഖ സ്റ്റാര്‍ടപ് കംപനി സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇന്‍ഡ്യന്‍ വംശജയാണ് അങ്കിതി ബോസ്. ഇ-കൊമേഴ്‌സ് സ്ഥാപനമായ സിലിംഗോയുടെ ചീഫ് എക്‌സിക്യൂടിവ് ഓഫീസറായ അങ്കിതയെ മാര്‍ച് 31നാണ് സസ്‌പെന്‍ഡ് ചെയ്തത്. കംപനി അകൗണ്ടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അങ്കിതിയെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ മേയില്‍ ഇവരെ കംപനിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
വസ്ത്രവ്യാപാരികള്‍ക്കും ഫാക്ടറികള്‍ക്കും സാങ്കേതികവിദ്യ വിതരണം ചെയ്യുകയാണ് സിലിംഗോ ചെയ്യുന്നത്. 2015ല്‍ ചീഫ് ടെക്‌നോളജി ഓഫിസറായ ധ്രുവ് കപൂറുമായി ചേര്‍ന്നാണ് അങ്കിതി സിലിംഗോ ആരംഭിക്കുന്നത്.