ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ പല്ലാവരത്ത് പൊഴിച്ചലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രകാശ് (41), ഭാര്യ ഗായത്രി (39), മക്കളായ നിത്യശ്രീ (13), ഹരികൃഷ്ണ (9) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. നേരം പുലര്‍ന്നിട്ടും വീട്ടിലെ ലൈറ്റുകള്‍ കത്തുന്നതും വാതിലുകള്‍ പൂട്ടിയിട്ടിരിക്കുന്നതും കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ മുറിയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍.
ഇലക്ട്രിക് വുഡ് കടര്‍ ഉപയോഗിച്ച് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലും ആത്മഹത്യയ്ക്കും കാരണമെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
ചെന്നൈയിലെ ടിസിഎസില്‍ ജീവനക്കാരനായിരുന്ന പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് ഇലക്ട്രിക് വുഡ് കടര്‍ വാങ്ങിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.