ജയ്പൂര്‍: (www.kvartha.com) ഭാര്യയുടെ ഗാര്‍ഹിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച സ്‌കൂള്‍ പ്രിന്‍സിപലായ ഭര്‍ത്താവിന് സംരക്ഷണം അനുവദിച്ച് കോടതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബിവാഡിയിലാണ് സംഭവം. സര്‍കാര്‍ സ്‌കൂളിലെ പ്രിന്‍സിപലായ അജിത് യാദവാ(32) ണ് ഭാര്യയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്.
ഹരിയാനയിലെ ഒരു സര്‍കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അജിത് യാദവ് ഇപ്പോള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഭാര്യയുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇദ്ദേഹം കോടതിയില്‍ തെളിവായി നല്‍കിയിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചതെന്നും ആറു വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും അജിത് യാദവ് പറഞ്ഞു.
'ഭാര്യ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്നു, കാരണമില്ലാതെ മര്‍ദിക്കുന്നു, കളിയാക്കുന്നു, ഞാന്‍ ഒരു സ്‌കൂളില്‍ പ്രിന്‍സിപല്‍ ആയതിനാല്‍, എന്റെ ഭാര്യയുടെ പ്രശ്‌നങ്ങള്‍ക്ക് സൗഹാര്‍ദപരമായ പരിഹാരത്തിനായി എപ്പോഴും ശ്രമിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അവള്‍ എന്നെ ബാറ്റുകൊണ്ട് മര്‍ദിക്കുന്നതൊന്നും ആരോടും പറഞ്ഞിട്ടില്ല. അടുത്തിടെ വീടിന്റെ സ്വീകരണമുറിയിലും മറ്റ് മുറികളിലും സിസിടിവി സ്ഥാപിച്ചിരുന്നു. ഇതിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടാന്‍ കോടതിയെ സമീപിച്ചതെന്നും യാദവ് പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി ഭാര്യ തന്നെ മര്‍ദിക്കുന്നുണ്ട്. എന്നാല്‍ തന്റെ ദാമ്പത്യജീവിതം ഭദ്രമാക്കാന്‍ അതൊക്കെ അവഗണിച്ചുവെന്നും യാദവ് പരാതിയില്‍ ആരോപിച്ചു. ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ സുമനുമായുള്ള തന്റെ വിവാഹം പ്രണയ വിവാഹമായിരുന്നു.
വൈറലായ സിസിടിവി ദൃശ്യങ്ങളില്‍ യുവതി കുട്ടിയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ ബാറ്റുകൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Keywords: Man alleges domestic violence by wife; asks Alwar court for his security, Rajasthan, Court, Protection, Assault, Family, CCTV, Video, Social Media, National.