ന്യൂഡെല്‍ഹി: (www.kvartha.com) മദ്യപാനികള്‍ക്കൊരു സന്തോഷ വാര്‍ത്ത! ജൂണ്‍ ഒന്ന് മുതല്‍ ഡെല്‍ഹിയില്‍ മദ്യവും ബിയറും പകുതി വിലയ്ക്ക് ലഭിക്കുമെന്നാണ് സൂചന. രാജ്യതലസ്ഥാനത്തെ മദ്യപ്രേമികള്‍ക്കൊപ്പം, നോയിഡ, ഗാസിയാബാദ് എന്നിവയുള്‍പെടെയുള്ള സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. യുപി ജില്ലകളാണ് ഇത് രണ്ടും.
യുപിയിലെ ജനങ്ങള്‍ക്ക് ഡെല്‍ഹിയിലെ മദ്യവും ബിയറും കൂടുതല്‍ ഇഷ്ടമാണ്. അതേസമയം, മദ്യത്തിന് വില കുറയുന്നതോടെ ആവശ്യക്കാര്‍ ഗണ്യമായി വര്‍ധിക്കും. ഡെല്‍ഹി അതിര്‍ത്തിയിലുള്ള കടകളില്‍ വലിയ തിരക്കായിരിക്കും. മീററ്റ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലുള്ളവരും ഡെല്‍ഹി അതിര്‍ത്തിയില്‍ നിന്നാണ് മദ്യം വാങ്ങുന്നത്.
മദ്യവില്‍പനക്കാര്‍ക്ക് എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഡെല്‍ഹിയില്‍ മദ്യം വില്‍ക്കാന്‍ കഴിയും. ഇതിനായി ഡെല്‍ഹി സര്‍കാര്‍ തീരുമാനം എടുത്തു. ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. ലൈസന്‍സി മുന്‍കൂറായി മദ്യം വില്‍ക്കുകയും ലൈസന്‍സ് ഫീസ് അടയ്ക്കുകയും ചെയ്യുമ്പോള്‍, കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കാന്‍ അനുവദിക്കാമെന്ന് ഡെല്‍ഹി സര്‍കാര്‍ വാദിക്കുന്നു.
ഇതുമാത്രമല്ല, ഉച്ചകഴിഞ്ഞ് മൂന്നുവരെ ബാറില്‍ മദ്യം വിളമ്പാനും സര്‍കാര്‍ ആലോചിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന്റെ പേരില്‍ അതിനുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന്, സ്വകാര്യ മദ്യശാലകള്‍ക്ക് എംആര്‍പിയില്‍ നിന്ന് 25 ശതമാനം വരെ കിഴിവ് നല്‍കാന്‍ സര്‍കാര്‍ എക്സൈസ് വകുപ്പിന് അനുമതി നല്‍കിയിരുന്നു, അതിനുശേഷം മദ്യശാലകള്‍ക്ക് തുടര്‍ച്ചയായി ഇളവ് നല്‍കുകയാണ്.
1910ലെ എക്സൈസ് നിയമം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ യുപി സര്‍കാര്‍ ഭേദഗതി ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. പുതിയ നിയമം അനുസരിച്ച് അയല്‍സംസ്ഥാനത്ത് നിന്ന് ഒന്നിലധികം കുപ്പി മദ്യം വാങ്ങുന്നത് ജാമ്യമില്ലാ കുറ്റത്തിന്റെ പരിധിയില്‍ വരും. ഇത് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും ചുമത്താനും വ്യവസ്ഥയുണ്ട്.