Follow KVARTHA on Google news Follow Us!
ad

By polls | തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം; 24 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു; തൃപ്പൂണിത്തുറ നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന 2 സീറ്റുകളിലും ബിജെപി ജയിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,By-election,Politics,LDF,Congress,BJP,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 12 വാര്‍ഡുകളിലും ബിജെപി ആറ് വാര്‍ഡുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 19, യുഡിഎഫ് 16, ബിജെപി ഏഴ് എന്നിങ്ങനെയായിരുന്നു സീറ്റുകള്‍.

സംസ്ഥാനത്തെ 42 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 12 ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, ഏഴ് മുനിസിപാലിറ്റി, രണ്ട് ബ്ലോക് പഞ്ചായത്, 31 ഗ്രാമപഞ്ചായത് വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 42 വാര്‍ഡുകളിലായി 77,634 വോടര്‍മാരുണ്ടായിരുന്നു.

തിരുവനന്തപുരം


ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലു പഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടു വീതം സീറ്റുകളില്‍ ജയം. ഒരു സീറ്റ് സിപിഎമില്‍ നിന്നു കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. മറ്റുള്ളവയില്‍ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫും ഒന്ന് യുഡിഎഫും നിലനിര്‍ത്തി. പൂവാര്‍ പഞ്ചായതിലെ അരശുംമൂട് വാര്‍ഡാണ് എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ വി എസ് ഷിനു 31 വോടുകളുടെ ഭൂരിപക്ഷം നേടി. എല്‍ഡിഎഫ് അംഗമായിരുന്ന കെ ബാഹുലേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് അരശുംമൂട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

നാവായിക്കുളം പഞ്ചായതിലെ മരുതിക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമിലെ സവാദ് 22 വോടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമിലെ എസ് സഫറുല്ല പീഡനക്കേസില്‍ അറസ്റ്റിലായി രാജിവച്ചതിനെ തുടര്‍ന്നാണു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ മുഹമ്മദ് ഷാ 150 വോടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസിലെ ആനാംപച്ച സുരേഷിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിള വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ എന്‍ വിജയകുമാര്‍ 130 വോടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

LDF ahead in local body by polls with 24 wins, BJP strikes in Ernakulam, Thiruvananthapuram, By-election, Politics, LDF, Congress, BJP, Trending, Kerala

പത്തനംതിട്ട

ജില്ലയില്‍ റാന്നി അങ്ങാടി പഞ്ചായത് ഈട്ടിച്ചുവട് അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കൈവശമിരുന്ന വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുഞ്ഞുമറിയാമ്മയ്ക്ക് 474 വോടും യുഡിഎഫിലെ സൂസന് 295 വോടും ബിജെപിയിലെ പി എസ് സുജലയ്ക്ക് 20 വോടും ലഭിച്ചു.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായതില്‍ ഇതോടെ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായി. എല്‍ഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില.

കോന്നി 18-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അര്‍ചന ബാലന്‍ 133 വോടിനു ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. റാന്നി കൊറ്റനാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു തുല്യ വോടുകളായതിനെ തുടര്‍ന്നു നടത്തിയ നറുക്കെടുപ്പില്‍ എല്‍ഡിഎഫിലെ റോബി ഏബ്രഹാം വിജയിച്ചു.

എറണാകുളം

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തു ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. രണ്ടിടത്ത് യുഡിഎഫും ഒരു വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. കൊച്ചി കോര്‍പറേഷന്‍ എറണാകുളം സൗത് ഡിവിഷന്‍, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണു ബിജെപി വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണു ബിജെപി പിടിച്ചെടുത്തത്. 11-ാം വാര്‍ഡില്‍ വള്ളി രവി, 46-ാം വാര്‍ഡില്‍ രതി രാജു എന്നിവരാണ് ജയിച്ചത്. 11-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സിപിഎമിലെ കെ ടി സൈഗാള്‍, 46-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സിപിഎമിലെ രാജമ്മ മോഹനന്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.

എല്‍ഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രന്‍: 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.

നെടുമ്പാശേരി 17-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോണ്‍ഗ്രസിന് ഭരണം ഉറപ്പിക്കാനായി.

വാരപ്പെട്ടി പഞ്ചായത് ആറാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ കെ ഹുസൈന്‍ 25 വോടിനാണു ജയിച്ചത്. ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത് വാര്‍ഡ് 11ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഒ ബാബു 139 വോടിനു വിജയിച്ചു.

കോട്ടയം

ജില്ലയില്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ അമ്പലം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ബിജെപിയിലെ സുരേഷ് ആര്‍ നായര്‍ 83 വോടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ബിജെപിക്ക് 307 വോടും എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ മഹാദേവന് 224 വോടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തി. മന്ത്രി വി എന്‍ വാസവന്റെ മണ്ഡലത്തിലെ നഗരസഭയാണ് ഏറ്റുമാനൂര്‍.

തൃശൂര്‍

ജില്ലയില്‍ ആറ് സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്ന് ഒരു സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. തൃക്കൂര്‍ ആലേങ്ങാട് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ തോമസ് 285 വോടിന്റെ ഭൂരിപക്ഷത്തിനാണു സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി.

കുഴൂര്‍ നാലാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി സേതുമോന്‍ ചിറ്റേത്ത് സീറ്റ് നിലനിര്‍ത്തി.

വടക്കാഞ്ചേരി നഗരസഭ ഒന്നാംകല്ല് വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. മല്ലിക സുരേഷ് 27 വോടിനു വിജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക് പഞ്ചായത് ആനന്ദപുരം ഡിവിഷനിലും മുരിയാട് 13-ാം വാര്‍ഡിലും എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത് രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

ഇടുക്കി

ജില്ലയിലെ മൂന്നു പഞ്ചായത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. രണ്ടു വാര്‍ഡില്‍ എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായതില്‍ യുഡിഎഫില്‍നിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത എല്‍ഡിഎഫ്, അയ്യപ്പന്‍കോവില്‍ പഞ്ചായതില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ഇടമലക്കുടിയില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി.

പാലക്കാട്

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പല്ലശന കൂടല്ലൂര്‍ വാര്‍ഡില്‍ സിപിഎമിലെ എ മണികണ്ഠന്‍ 65 വോടിന്റെയും, ചെര്‍പ്പുളശേരി നഗരസഭ കോട്ടക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫിലെ ബിജീഷ് കണ്ണന്‍ 419 വോടിന്റെയും ഭൂരിപക്ഷത്തില്‍ ജയിച്ചു.

ആലപ്പുഴ

ജില്ലയില്‍ മണ്ണഞ്ചേരി പഞ്ചായത് മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം വി സുനില്‍കുമാര്‍ 134 വോടിന് ജയിച്ചു. കോണ്‍ഗ്രസ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോഴിക്കോട്

ജില്ലയില്‍ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി കെ സി സോജിത്ത് 418 വോടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ഭൂരിപക്ഷം വര്‍ധിച്ചു. നേരത്തേ 340 വോടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന്.

മലപ്പുറം

ജില്ലയില്‍ മൂന്നു പഞ്ചായത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓരോ സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും പിടിച്ചെടുത്തു. ഒരു സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. ആലങ്കോട് പഞ്ചായതിലെ ഉദിനുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി പൂക്കെപ്പുറത്ത്, വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എം രാധാകൃഷ്ണന്‍ എന്നിവരാണ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തത്.

ശശിക്ക് 215, രാധാകൃഷ്ണന് 280 വോടിന്റെ ഭൂരിപക്ഷമുണ്ട്. കണ്ണമംഗലം പഞ്ചായതിലെ വാളക്കുട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി കെ അഹ് മദ് (ബാപ്പു) 273 വോടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തി.

കണ്ണൂര്‍

ജില്ലയില്‍ അഞ്ചു തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി. ഒന്നു വീതം കോര്‍പറേഷന്‍ നഗരസഭ വാര്‍ഡുകളിലും മൂന്നു പഞ്ചായത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂര്‍ കോര്‍പറേഷന്‍ കക്കാട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മങ്ങാട്ടിടം പഞ്ചായതിലെ നീര്‍വേലി വാര്‍ഡ് ബിജെപി നിലനിര്‍ത്തി. പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായതിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂര്‍ പഞ്ചായതിലെ പുല്ലാഞ്ഞിയോട് വാര്‍ഡുകള്‍ സിപിഎം നിലനിര്‍ത്തി. യുഡിഎഫ് (ലീഗ്) 1, ബിജെപി 1, സിപിഎം 3 എന്നതാണ് കക്ഷിനില.

വാര്‍ഡുകളിലെ ലീഡ് നില ഇങ്ങനെ:


* ഭരണിക്കാവ് മണക്കാട് എല്‍ഡിഎഫ്

* ഇരിങ്ങാലക്കുട ആനന്ദപുരം എല്‍ഡിഎഫ്

* ക്ലാപ്പന ഈസ്റ്റ് എല്‍ഡിഎഫ്

* എറണാകുളം സൗത് എന്‍ഡിഎ

* കണ്ണൂര്‍ കക്കാട് യുഡിഎഫ്

* പൂവാര്‍ അരശുംമൂട് യുഡിഎഫ്

* അതിയന്നൂര്‍ കണ്ണറവിള എല്‍ഡിഎഫ്

* കല്ലറ കൊടിതൂക്കികുന്ന് യുഡിഎഫ്

* നാവായികുളം മരുതികുന്ന് എല്‍ഡിഎഫ്

* ശൂരനാട് സൗത് സംഗമം എല്‍ഡിഎഫ്

* ആര്യങ്കാവ് കഴുതുരുട്ടി എല്‍ഡിഎഫ്

* വെളിയം കളപ്പില എല്‍ഡിഎഫ്

* പെരിനാട് നാന്തിരിക്കല്‍ എല്‍ഡിഎഫ്

* വെളിനല്ലൂര്‍ മുളയറച്ചാല്‍ യുഡിഎഫ്

* കൊറ്റനാട് വൃന്ദാവനം എല്‍ഡിഎഫ്

* റാന്നി ഈട്ടിച്ചുവട് സ്വതന്ത്രന്‍

* കോന്നി ചിറ്റൂര്‍ യുഡിഎഫ്

* മണ്ണന്‍ചേരി പെരുന്തുരുത്ത് യുഡിഎഫ്

* ഇടമലക്കുടി ആണ്ടവന്‍കുടി എന്‍ഡിഎ

* ഉടുമ്പന്നൂര്‍ വെള്ളന്താനം എല്‍ഡിഎഫ്

* അയ്യപ്പന്‍കോവില്‍ ചേമ്പളം എല്‍ഡിഎഫ്

* കുന്നത്തുനാട് വെമ്പിളി എല്‍ഡിഎഫ്

* വാരപ്പെട്ടി മൈലൂര്‍ യുഡിഎഫ്

* നെടുമ്പാശേരി അത്താണി ടൗണ്‍ യുഡിഎഫ്

* തൃക്കൂര്‍ ആലേങ്ങാട് എല്‍ഡിഎഫ്

* മുരിയാട് തുറവന്‍കോട് എല്‍ഡിഎഫ്

* വെള്ളങ്ങല്ലൂര്‍ വെളയനാട് യുഡിഎഫ്

* കുഴൂര്‍ യുഡിഎഫ്

* പല്ലശന കൂടല്ലൂര്‍ എല്‍ഡിഎഫ്

* കണ്ണമംഗലം വാളക്കുട യുഡിഎഫ്

* വള്ളിക്കുന്ന് പരുത്തിക്കാട് എല്‍ഡിഎഫ്

* ആലംകോട് ഉദിനുപറമ്പ് യുഡിഎഫ്

* കുറുമാത്തൂര്‍ പുല്ലാഞ്ഞിയോട് എല്‍ഡിഎഫ്

* മുഴുപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം എല്‍ഡിഎഫ്

* മാങ്ങാട്ടിടം നീര്‍വേലി എന്‍ഡിഎ

* ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ അമ്പലം വാര്‍ഡ് എന്‍ഡിഎ

* തൃപ്പൂണിത്തുറ പിഷാരികോവില്‍ എന്‍ഡിഎ

* തൃപ്പൂണിത്തുറ ഇളമനത്തോപ്പ് എന്‍ഡിഎ

* വടക്കന്‍ചേരി ഒന്നാംകല്ല് എല്‍ഡിഎഫ്

* ചെറുപ്പളശ്ശേരി കോട്ടക്കുന്ന് എല്‍ഡിഎഫ്

* കൊടുവള്ളി വാരിക്കുഴിത്താരം എല്‍ഡിഎഫ്

* പയ്യന്നൂര്‍ മുതിലയം എല്‍ഡിഎഫ്.


Keywords: LDF ahead in local body by polls with 24 wins, BJP strikes in Ernakulam, Thiruvananthapuram, By-election, Politics, LDF, Congress, BJP, Trending, Kerala.

Post a Comment