Follow KVARTHA on Google news Follow Us!
ad

KC Venugopal | പാർലമെന്ററി സ്ഥാനങ്ങളിൽ കാൽനൂറ്റാണ്ട് പിന്നിട്ട് കെ സി വേണുഗോപാല്‍; നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അംഗമായ അപൂർവം വ്യക്തികളിലൊരാൾ; കേരളത്തിലും കേന്ദ്രത്തിലും മന്ത്രിസ്ഥാനങ്ങൾ അലങ്കരിക്കാനും ഭാഗ്യം; കെ എസ് യു, യൂത് കോൺഗ്രസ് അധ്യക്ഷനിൽ നിന്ന് ഇപ്പോൾ കോൺഗ്രസിന്റെ അമരത്ത്

KC Venugopal past 25 years in parliamentary posts#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) പാർലമെന്ററി സ്ഥാനങ്ങളിൽ കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് എഐസിസി ജനറൽ സെക്രടറി കെ സി വേണുഗോപാല്‍. സംവിധായകന്‍ ഫാസിലടക്കമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഈ നേട്ടത്തിൽ ആശംസകളുമായെത്തി. നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അംഗമായ അപൂർവം വ്യക്തികളിലൊരാളായ അദ്ദേഹം സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. കെ എസ് യു, യൂത് കോൺഗ്രസ് അധ്യക്ഷ പദവിയിലിരുന്ന് ആ പ്രസ്ഥാനങ്ങളെ ചലിപ്പിച്ച വേണുഗോപാൽ ഇപ്പോൾ അഖിലേന്ത്യാ കോൺഗ്രസിന്റെ സുപ്രധാന പദവിയിലാണുള്ളത്.
  
Alappuzha, Kerala, News, Parliament, Political Party, Politics, Loksabha, Rajya Sabha, Ministry, Congress, KSU, Leader, Youth Congress, Kannur, Central Government, Police, AICC, KC Venugopal past 25 years in parliamentary posts.

കണ്ണൂരുകാരനായ കെ സിയുടെ രാഷ്ട്രീയ തട്ടകം ആലപ്പുഴയാണ്. 1996 മെയ് 29ന് ആലപ്പുഴയില്‍ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. അതൊരു തുടക്കമായിരുന്നു. തുടര്‍ന്ന് 2001, 2006 വര്‍ഷങ്ങളിലും അദ്ദേഹം വിജയം ആവർത്തിച്ചു. നിയമസഭാംഗം ആയിരിക്കെ തന്നെ 2009ൽ മറ്റൊരു സുപ്രധാന ദൗത്യം അദ്ദേഹത്തെ പാർടി ഏൽപിച്ചു, ലോക്സഭയിലേക്ക് മത്സരിക്കാൻ. അങ്ങനെ ഇടതിന്റെ കയ്യിൽ നിന്ന് കെ സിയിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. 2014 ൽ വീണ്ടും അദ്ദേഹം വിജയം ആവർത്തിച്ചു. ശേഷം 2020 ജൂണില്‍ രാജസ്താനിൽ നിന്ന് രാജ്യസഭാംഗമായി.

ഇതിനിടയിൽ തന്നെ സംസ്ഥാന, കേന്ദ്രമന്ത്രി പദവികൾ അലങ്കരിച്ച് ജനകീയ പ്രവർത്തനങ്ങളിലൂടെയും കർമ പദ്ധതികളിലൂടെയും അദ്ദേഹം ജനങ്ങളുടെ മനസിൽ നിറഞ്ഞുനിന്നു. കെ എസ് യുവിലെയാണ് വേണുഗോപാൽ രാഷ്ട്രീയ രംഗത്ത് എത്തുന്നത്. വാശിയേറിയ സംഘടന തെരഞ്ഞെടുപ്പിലൂടെ 1987 ൽ കെ എസ് യു അധ്യക്ഷ പദവിയിലെത്തി. ആ പദവി വെറുമൊരു അലങ്കാരമല്ലെന്ന് അദ്ദേഹം തെളിയിച്ചതോടെ കെ എസ് യുവിന്റെ സുവർണകാലമായിരുന്നു ആ വർഷങ്ങൾ.

1989 ൽ പൊലീസ് ക്രൂരമായി മര്‍ദിച്ച നന്ദാവനം ലാതിചാര്‍ജ്, കാലികറ്റ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന മാര്‍ക് ദാനത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന് നേരെ ഉണ്ടായ ലാതിചാര്‍ജ്, എംജി യൂനിവേഴ്‌സിറ്റിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടന്ന പ്രക്ഷോഭം, നരേന്ദ്രന്‍ കമീഷന്‍ റിപോര്‍ടിനെതിരെയുള്ള പ്രക്ഷോഭം, തിരുവനന്തപുരത്ത് പാഠ പുസ്തക സമര പ്രക്ഷോഭം.. അങ്ങനെ സംഭവ ബഹുലമായിരുന്നു കെ സി വിദ്യാർഥി നേതൃത്വത്തിലുണ്ടായിരുന്ന കാലഘട്ടം.

പിന്നീട് യൂത് കോൺഗ്രസ് നേതൃനിരയിലെത്തി. 1992 മുതല്‍ 2000 വരെ തുടര്‍ചയായി എട്ടുവര്‍ഷം യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെസി നിറഞ്ഞുനിന്നു. യുവത്വത്തിന്റെ ചുറുചുറുക്കോടെ അദ്ദേഹം കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ആ കാലം സാക്ഷിയായി 1993-94 ൽ വര്‍ഗീയതക്കെതിരെ തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച യുവസാഗരം റാലി, പ്രധാനമന്ത്രി നരസിംഹറാവു പങ്കെടുത്ത യുവസാഗരം പരിപാടി, 1997ൽ കളിയിക്കാവിള മുതല്‍ പാലക്കാട് വരെ നടന്ന ദേശീയപദയാത്ര, 1998 ലെ കൊല്ലം എസ് എന്‍ കോളജ് സമരം, 2000-01ല്‍ പരിയാരം പഞ്ചായതില്‍ നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ഒമ്പത് ദിവസം നീണ്ട നിരാഹാര സമരം തുടങ്ങിയവ അവയിലെ തിളങ്ങുന്ന അധ്യായങ്ങളിൽ ചിലതാണ്.

ഇപ്പോൾ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ പുതിയ കാലത്ത് സംഘടനയെ കരുത്തോടെ മുന്നോട്ട് നയിക്കാൻ നേതൃത്വം വിശ്വാസ പൂർവം ഉത്തരവാദിത്തങ്ങൾ ഏല്പിച്ചിരിക്കുന്ന പ്രമുഖ നേതാക്കളിൽ ഒരാളാണ് കെ സി. എഐസിസി ജനറൽ സെക്രടറിയുടെ പദവിയിലിരുന്ന് അദ്ദേഹം കോൺഗ്രസിനെ ചലിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നയരൂപീകരണത്തിന് നിയോഗിച്ച എട്ടുപേരില്‍ ഒരാളുമാണ് കെ സി. പഴയ പ്രതാപത്തിലേക്ക് തന്റെ എല്ലാമെല്ലാമായ പ്രസ്ഥാനത്തെ എത്തിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് അദ്ദേഹമിപ്പോൾ.

Post a Comment