കലബുറഗിയിലെ അലന്ദ് ടൗണില്‍ നിന്നുള്ള ഡോ.ശങ്കര്‍ ബാബുറാവു ഉപാര്‍പേട്ട് ആണ് ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. പരാതിയില്‍ സിസിബിയുടെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ചത്. ഇരയായ ഡോക്ടറുടെ സുഹൃത്ത് കലബുറഗി സ്വദേശി നാഗരാജാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒരു സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന ബാബുറാവു തന്റെ മകന് മെഡികല്‍ കോഴ്സിന് പ്രവേശനം നേടാന്‍ ആഗ്രഹിച്ചിരുന്നു. ബാബുറാവുവിന്റെ സുഹൃത്ത് നാഗരാജ് ബെംഗ്ലൂറുവിലെ പ്രശസ്തമായ മെഡികല്‍ കോളജില്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും അതിനായി 66 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാഗരാജിന് തവണകളായി 66 ലക്ഷം രൂപ ഡോക്ടര്‍ നല്‍കുകയും ചെയ്തു.
എന്നാല്‍, മകന് മെഡികല്‍ സീറ്റ് ലഭിച്ചില്ല. ഇതോടെ ബാബുറാവു നാഗരാജിനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിച്ചില്ല. ഇതിനിടെ 2020 ജനുവരിയില്‍ പണം നല്‍കാമെന്ന് പറഞ്ഞ നാഗരാജ് അതിനായി ബെംഗ്ലൂറുവിലേക്ക് വരാന്‍ ഡോക്ടറോട് നിര്‍ദേശിച്ചു. ബാബുറാവുവിന് ബെംഗ്ലൂറുവില്‍ താമസവും ബുക് ചെയ്തിരുന്നു. നാഗരാജുവും അതേ ലോഡ്ജില്‍ തന്നെ മുറിയെടുത്തു.
പുലര്‍ച്ചെ മുറിയുടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ഡോക്ടര്‍ വാതില്‍ തുറന്നപ്പോള്‍ രണ്ട് സ്ത്രീകള്‍ അകത്തേക്ക് കയറി കട്ടിലില്‍ ഇരുന്നു. തൊട്ടുപിന്നാലെ, പൊലീസുകാരെന്ന് അവകാശപ്പെടുന്ന മൂന്ന് പേര്‍ വന്ന് ഡോക്ടര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു.
തുടര്‍ന്ന് പൊലീസുകാരെന്ന വ്യാജേന എത്തിയവര്‍ ഡോക്ടറെ ആ സ്ത്രീകളോടൊപ്പം നിര്‍ത്തി ഫോടോയെടുത്തു. ഡോക്ടറില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കൈക്കലാക്കി. തുടര്‍ന്ന് ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന എത്തിയ നാഗരാജ് തന്റെ സുഹൃത്തിനെ വിളിച്ച് പൊലീസ് ഡോക്ടര്‍ക്കെതിരെ പെണ്‍വാണിഭ കേസ് എടുക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടറോട് 70 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
ഇത്രയും പണമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ 50 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ തുക നല്‍കിയ ശേഷവും തന്റെ മുറിയില്‍ വന്ന് അറസ്റ്റിലായ രണ്ട് യുവതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് 20 ലക്ഷം രൂപ കൂടി നല്‍കാന്‍ നാഗരാജ് ആവശ്യപ്പെട്ടു.
പണം നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതോടെ പ്രതികള്‍ നാല് അപരിചിതരെ അയച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. മാത്രമല്ല. ഡോക്ടറോട് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഡോക്ടര്‍ പ്രതിരോധിച്ചതോടെ സംഘം അവിടെ നിന്നും രക്ഷപ്പെട്ടു.
സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Keywords: Karnataka Doctor Honey-Trapped, Robbed of Rs 1.16 Crore; Victim’s Friend Behind Conspiracy, Bangalore, News, Conspiracy, Doctor, Police, Complaint, Arrested, Police, National.