കാസര്‍കോട്: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇരുവരുടെയും മരണം സര്‍കാര്‍ സ്‌പോണ്‍സേര്‍ഡാണെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ പൂര്‍ണമായും സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മയ്ക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടിവന്നത്. ഇരുവരുടെയും മരണം സര്‍കാര്‍ സ്‌പോണ്‍സേര്‍ഡാണ്. അതിന്റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍കാരിനെ വിട്ടുപോകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാസര്‍കോട്ടേക്ക് സില്‍വര്‍ ലൈന്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കണാതെ പോയത് ക്രൂരമാണെന്നും സുധാകരന്‍ പറഞ്ഞു.
6287 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വച്ച് നല്‍കാന്‍ സുപ്രീം കോടതി രണ്ടു പ്രാവശ്യം നിര്‍ദേശിച്ചിട്ടും സംസഥാന സര്‍കാര്‍ ഉചിതമായ നടപടിയെടുത്തില്ല. കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ 200 കോടി സര്‍കാര്‍ അനുവദിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുരുങ്ങി നഷ്ടപരിഹാര വിതരണം മന്ദഗതിയിലായെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം വച്ച് സര്‍കാര്‍ രാഷ്ട്രീയം കളിക്കരുത്. ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും അര്‍ഹതപ്പെട്ട സഹായം അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ നാം കാണേണ്ടിവരുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് രാജപുരം ചാമുണ്ടി കുന്നിലെ വിമല കുമാരിയായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകള്‍ രേഷ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയാണ് വിമല കുമാരി. സാമൂഹിക നീതി വകുപ്പിന് കീഴിലുളള കെയര്‍ ഹോമിലെ അന്തേവാസിയായിരുന്നു മകള്‍ രേഷ്മ.