കണ്ണൂര്‍: (www.kvartha.com) റോഡരികില്‍ പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ വയോധികന്‍ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍
അറിയിച്ചു. സ്വയം ജീവനൊടുക്കിയതാണോയെന്ന കാര്യമാണ് പ്രാഥമികമായി അന്വേഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
നീലേശ്വരം ചായ്യോത്ത് സ്റ്റേഷന്‍ വളപ്പിലെ മുണ്ടക്കല്‍ ജോസഫിനെയാ(79)ണ് കണ്ണൂര്‍- മട്ടന്നൂര്‍ സംസ്ഥാന പാതയിലെ മതുക്കോത്ത് റോഡരികില്‍ തീപൊള്ളലേറ്റ നിലയില്‍ വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിയാരത്തെ ഗവ. മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പുലര്‍ചെ ആറുമണിയോടെ മരിച്ചു.
കഴിഞ്ഞ ദിവസം ജോസഫ് വാരത്തെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. അവിടുന്ന് മടങ്ങിയപ്പോഴാണ് സംഭവം. കര്‍ഷകനാണ് മരണമടഞ്ഞ ജോസഫ്. ഭാര്യ: ലീലാമ്മ ( കൊച്ചമ്പുഴത്തുങ്കല്‍ കുടുംബാംഗം) മക്കള്‍: അനിറ്റ്(മജിസ്ട്രേറ്റ് കോടതി തലശേരി), ഷാര്‍ളറ്റ്, ജിജിറ്റ്. മരുമക്കള്‍: അഡ്വ. ജയ്സണ്‍( ഇരിട്ടി), ബാബു(ശങ്കരംപാടി), ചാള്‍സ്(സിവില്‍ എക്സൈസ് ഓഫിസര്‍). സംസ്‌കാരം കാലിച്ചാനടുക്കം പള്ളിയില്‍ നടന്നു.