ന്യൂഡെല്‍ഹി: (www.kvartha.com) മേലുദ്യോഗസ്ഥന് വളര്‍ത്ത് നായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിന് താരങ്ങള്‍ക്ക് പരിശീലനം നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നെന്ന് പരാതി. ഡെല്‍ഹി സര്‍കാരിന്റ വകയിലുള്ള ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയത്തിലെത്തുന്ന അത്ലറ്റുകളും പരിശീലകരുമാണ് പരാതിക്കാര്‍.
ഡെല്‍ഹി സര്‍കാരിന്റെ പ്രിന്‍സിപല്‍ സെക്രടറി (റവന്യു) സഞ്ജീവ് ഖിര്‍വാറിന് വളര്‍ത്തുനായയ്‌ക്കൊപ്പം സാഹായ്‌ന സവാരി നടത്തുന്നതിനാണ് ത്യാഗരാജ സ്റ്റേഡിയത്തിലെ പരിശീലനം നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നതെന്ന് 'ദ് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്' മാധ്യമം റിപോര്‍ട് ചെയ്തു.
സഞ്ജീവ് ഖിര്‍വാറിന് വളര്‍ത്തുനായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിനാണ് ഇതേ സമയത്ത് മറ്റുള്ളവരെ ഗ്രൗന്‍ഡില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതെന്നാണ് ആരോപണം. 2010-ലെ കോമണ്‍വെല്‍ത് ഗെയിംസിനായി നിര്‍മിച്ച ത്യാഗരാജ സ്റ്റേഡിയത്തില്‍ ഒട്ടേറെ ദേശീയ സംസ്ഥാന താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും പതിവായി പരിശീലനം നടത്താറുണ്ട്.
നേരത്തെ രാത്രി 8 8:30 വരെ സ്റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റ്‌സിന് കീഴില്‍ ഞങ്ങള്‍ പരിശീലിച്ചിരുന്നുവെന്നും പക്ഷേ ഇപ്പോള്‍ മേലുദ്യോഗസ്ഥന് നായയുമൊത്ത് സവാരി നടത്തുന്നതിനുവേണ്ടി ഞങ്ങളോട് ഏഴ് മണിക്ക് സ്റ്റേഡിയം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതോടെ തങ്ങളുടെ പരിശീലനം മുടങ്ങുന്ന സ്ഥിതിയാണെന്നും പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു പരിശീലകന്‍ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
കഴിഞ്ഞ ഏഴ് ദിവസം നടത്തിയ പരിശോധനയില്‍, ഏഴ് മണിക്കുശേഷം ഒരു വിസില്‍ മുഴക്കി, സ്റ്റേഡിയത്തില്‍നിന്ന് താരങ്ങള്‍ പുറത്തുപോകുന്നത് ഉറപ്പാക്കുന്നതായി ബോധ്യപ്പെട്ടതായാണ് റിപോര്‍ടില്‍ പറയുന്നത്.
അതേ സമയം പ്രിന്‍സിപല്‍ സെക്രടറി ആരോപണം നിഷേധിച്ചു. ചിലപ്പോഴൊക്കെ നായയുമായി സായാഹ്ന സവാരി നടത്താറുണ്ടെന്നും എന്നാല്‍ ഇതൊരു പതിവല്ലെന്നും അദ്ദേഹം പറഞ്ഞു.