ചിറ്റൂര്‍: (www.kvartha.com) സ്വകാര്യ ബാങ്കില്‍ നിന്നും മുഖംമൂടി ധരിച്ചെത്തിയ സംഘം 85 ലക്ഷം രൂപ കൊള്ളയടിച്ച് സിസിടിവിയുമായി കടന്നുകളഞ്ഞു. ശ്രീകാളഹസ്തി ടൗണിലെ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖയില്‍ വ്യാഴാഴ്ച രാത്രിയാണ് കവര്‍ച നടന്നത്. മുഖംമൂടി ധരിച്ച മൂന്നുപേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും അഞ്ചു ലക്ഷം രൂപയുമാണ് ഇവര്‍ കവര്‍ന്നത്. തുടര്‍ന്ന് ഒരു ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി സംഘം സ്ഥലം വിട്ടുവെന്ന് പൊലീസ് പറഞ്ഞു. രാത്രി 10.40 മണിയോടെയാണ് അക്രമികള്‍ ശാഖയില്‍ അതിക്രമിച്ച് കടന്നത്. ഈ അവസരത്തില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ബാങ്കില്‍ ജോലി ചെയ്തിരുന്നത്. കെട്ടിക്കിടക്കുന്ന അകൗണ്ടുകള്‍ ക്ലോസ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍.
അകത്ത് കടന്ന കവര്‍ചക്കാര്‍ ഇന്‍ഗ്ലീഷില്‍ സംസാരിക്കുകയും ലോകര്‍ തുറക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കവര്‍ച നടത്തുന്ന സിസിടിവി കാമറകളില്‍ നിന്നുള്ള റെകോര്‍ഡിംഗുകള്‍ പോലും സംഘം മോഷ്ടിച്ചുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ജീവനക്കാരി പറയുന്നത്:
'ഞാനും മറ്റൊരു ജീവനക്കാരനും തീര്‍പാക്കാത്ത അകൗണ്ടുകള്‍ ക്ലോസ് ചെയ്യാനായി രാത്രി വൈകിയും ജോലി ചെയ്തു. 10:40 ഓടെ സഹപ്രവര്‍ത്തകന്‍ മുകളിലേക്ക് പോയി, ഞാന്‍ തനിച്ചായതോടെ മുഖംമൂടി ധരിച്ച മൂന്ന് പേര്‍ അകത്ത് കടന്ന് ലോകര്‍ തുറക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വിസമ്മതിച്ചപ്പോള്‍, എന്നെ കെട്ടിയിട്ട് വായ തുണികൊണ്ട് മൂടി. കയ്യില്‍ നിന്നും ലോകര്‍ റൂമിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് അതിനകത്ത് സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു' ക്ലര്‍ക് ശ്രവന്തി പറഞ്ഞു.
വിവരമറിഞ്ഞ് ഡിഎസ്പി വിശ്വനാഥും പൊലീസ് സംഘവും ഉച്ചയ്ക്ക് ഒരു മണിയോടെ ബാങ്കിലെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ-സംസ്ഥാന അതിര്‍ത്തികളിലെ എല്ലാ ചെക് പോസ്റ്റുകളിലും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ശ്രീകാളഹസ്തിയിലും തിരുപ്പതിയിലും ഉള്ള എല്ലാ ലോഡ്ജുകളിലും ഹോടെലുകളിലും പരിശോധന നടത്തി.
എത്ര തുക മോഷണം പോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഡിഎസ്പി പറഞ്ഞു. പ്രതികളെ തിരിച്ചറിയുന്നതിനായി ക്ലൂസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സമീപപ്രദേശങ്ങളിലെയും നഗരത്തിന്റെ പ്രവേശന/എക്‌സിറ്റ് പോയിന്റുകളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ജില്ലയിലുടനീളം തിരച്ചില്‍ നടത്താന്‍ പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്, എന്നും ഡിഎസ്പി പറഞ്ഞു. എഎസ്പി വിമലകുമാരി വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് റോഡ് സന്ദര്‍ശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.
Keywords: Masked men rob Rs 85 lakh from private bank, flee with CCTV recorder, Hyderabad, News, Robbery, Bank, Police, CCTV, Threatened, National.