മോതിഹാരി: (www.kvartha.com) ബിഹാറിലെ മോതിഹാരിയില്‍ നിന്ന് പുറത്തുവരുന്നത് അപൂര്‍വമായൊരു മെഡികല്‍ കേസ്. 40 ദിവസം പ്രായമായ കുഞ്ഞിന്റെ വയറിനകത്ത് ഭ്രൂണം കണ്ടെത്തിയതായി റിപോര്‍ട്. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്.
അടുത്തിടെ റഹ്മാനിയ മെഡികല്‍ സെന്ററില്‍ കുഞ്ഞുമായി മാതാപിതാക്കള്‍ ചികിത്സയ്ക്കായി എത്തുകയായിരുന്നു. വയറ് വീര്‍ക്കുന്നതിനാല്‍ കുഞ്ഞിന് ശരിയായി മൂത്രമൊഴിക്കാന്‍ കഴിയുന്നില്ലെന്നും കുഞ്ഞിക്ക് വയറുവേദന അനുഭവപ്പെട്ടതായും കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടറോട് പറഞ്ഞു. കുഞ്ഞിന്റെ വയര്‍ അസാധാരണമാംവിധം വീര്‍ത്തിരിക്കുകയായിരുന്നുവെന്നും മൂത്രം പോകുന്നതിനും തടസമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയുടെ ഭാഗമായി കുഞ്ഞിന്റെ വയറ് സ്‌കാനിംഗിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
ഒരു കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു ഭ്രൂണം വളരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസമാണെന്നും അഞ്ച് ലക്ഷത്തിലൊന്ന് എന്ന നിലയില്‍ മാത്രം കണ്ടേക്കാവുന്ന രോഗാവസ്ഥയാണെന്നും റഹ്മാനിയ മെഡികല്‍ സെന്ററില്‍ കുഞ്ഞിനെ ചികിത്സിച്ച ഡോ. തബ്രീസ് അസീസ് പറയുന്നു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചേര്‍ന്ന് കുഞ്ഞിന്റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ജറിയിലൂടെ കുഞ്ഞിന്റെ വയറ്റിനകത്തുണ്ടായിരുന്ന ഭ്രൂണത്തെ ഇവര്‍ എടുത്തുമാറ്റി.
എങ്ങനെ, എന്തുകൊണ്ടാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ ഉദരത്തില്‍ ഭ്രൂണമുണ്ടാകുന്നത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് ഗവേഷകലോകം നല്‍കുന്നത്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ വ്യാജവാര്‍ത്തായണെന്നോ, കള്ളമാണെന്നോ നിങ്ങള്‍ കരുതാനിടയുള്ള ഒരു സംഭവമാണിത്. എന്തായാലും ഏറെ കൗതുകം നിറഞ്ഞ ഈ വാര്‍ത്ത വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.