Chinese Flight Accident | ചൈനീസ് ഈസ്റ്റേന്‍ ജെറ്റ് ദുരന്തം: ബ്ലാക് ബോക്സ് വിശകലനം ചെയ്ത അമേരികന്‍ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്; ഇത് ബോധപൂര്‍വമുള്ള അപകടമായിരിക്കാമെന്ന് റിപോര്‍ട്
May 18, 2022, 12:21 IST
ബെയ്ജിംഗ്: (www.kvartha.com) ചൈനയിലെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനത്തിന്റെ ബ്ലാക് ബോക്സില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തുള്ള അമേരികന്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബോധപൂര്‍വം നടന്ന അപകടമാകാമെന്നും വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വിവരങ്ങള്‍ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേര്‍നല്‍ റിപോര്‍ട് ചെയ്തു.
വിമാനത്തിലെ കോക്പിറ്റിലുള്ള നിയന്ത്രണങ്ങള്‍ ആഴത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിലേക്കോ അല്ലെങ്കില്‍ പെട്ടന്നുള്ള പതനത്തിലേക്കോ നയിച്ചേക്കാം എന്നാണ് ബ്ലാക് ബോക്സില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. ഈ വീഴ്ച്ചയില്‍ ആകാശത്തുവച്ച് വിമാനം രണ്ട് കഷ്ണങ്ങളായി തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറയുന്നു.
വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ കോക്പിറ്റില്‍ അതിക്രമിച്ച് കയറി മനഃപൂര്‍വം തകരാര്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെ റിപോര്‍ട് ചെയ്തതിനാല്‍ തള്ളിക്കളയാനാകില്ലെന്നും അമേരികയിലെ വിദഗ്ധര്‍ പറയുന്നു. 28 വര്‍ഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമായിരുന്നു മാര്‍ചില്‍ നടന്നത്.
ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്സോയിലേക്ക് പുറപ്പെട്ട എം.യു 5735 വിമാനമാണ് അപകടത്തില്‍പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വിമാനത്തിനുള്ളിലെ ക്രൂവിന്റെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകര്‍ന്നു വീണത്. 3.5ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടമുണ്ടായത്. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. ഒന്‍പത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.