മുംബൈ: (www.kvartha.com) തുടരെ പരാജയവുമായി ബോളിവുഡ് നടി കങ്കണ റണാവത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ധാകഡ്. ഇതോടെ പരാജയപ്പെടുന്ന എട്ടാം ചിത്രമായി മാറിയിരിക്കുകയാണ് ധാകഡ്.
80 കോടി രൂപ മുടക്കി നിര്‍മിച്ച ധാകഡ് എട്ടാം ദിനത്തില്‍ വിറ്റത് വെറും 20 ടികറ്റുകളാണ്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിന് ലഭിച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ പെട്ട ഈ ചിത്രം 10 കോടി രൂപ പോലും ഇതുവരെ നേടിയിട്ടില്ല.
മെയ് 20നാണ് ധാകഡ് റിലീസ് ചെയ്തത്. ഇതുവരെ വെറും മൂന്നരക്കോടി രൂപ മാത്രമേ സിനിമ നേടിയുള്ളൂ എന്നാണ് റിപോര്‍ടുകള്‍. റസ്നീഷ് റാസി സംവിധാനം ചെയ്ത സ്പൈ ത്രിലറാണ് ധാകഡ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
ചിത്രത്തില്‍ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തി.
താരത്തിന്റെ 'കാട്ടി ബാട്ടി', 'രന്‍ഗൂണ്‍', 'മണികര്‍ണിക', 'ജഡ്ജ്‌മെന്റല്‍ ഹേ ക്യാ', 'പങ്ക', 'തലൈവി' എന്നീ സിനിമകളും ബോക്സ് ഓഫിസില്‍ അമ്പേ പരാജയമായിരുന്നു.