Chinese Scientists's Report | 'എലോണ്‍ മസ്‌കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പദ്ധതി തകര്‍ക്കാന്‍ ചൈനയുടെ നീക്കം'; സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള സങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപോര്‍ട്

 


ന്യൂഡെല്‍ഹി: (www.kvartha.com) എലോണ്‍ മസ്‌കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പദ്ധതി തകര്‍ക്കാന്‍ ചൈനയുടെ നീക്കമെന്ന് റിപോർട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് സൈനിക ഗവേഷകര്‍ കഴിഞ്ഞ മാസം ഒരു പഠനം പ്രസിദ്ധീകരിച്ചെന്ന് സൗത് ചൈന മോണിംഗ് പോസ്റ്റ് റിപോര്‍ട് ചെയ്തു.
  
Chinese Scientists's Report | 'എലോണ്‍ മസ്‌കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പദ്ധതി തകര്‍ക്കാന്‍ ചൈനയുടെ നീക്കം'; സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള സങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപോര്‍ട്

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ആശയവിനിമയ സംവിധാനത്തിനായി മസ്‌ക് സ്റ്റാര്‍ലിങ്ക് യുക്രൈന് നല്‍കിയിരുന്നു. ഇത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് സ്റ്റാര്‍ലിങ്ക് തങ്ങള്‍ക്കും ഭീഷണിയാകുമെന്ന് ചൈന തിരിച്ചറിഞ്ഞത്. ഓരോ സ്റ്റാര്‍ലിങ്ക് ഉപഗ്രഹത്തെയും ട്രാക് ചെയ്യാനും നിരീക്ഷിക്കാനും അഭൂതപൂര്‍വമായ കഴിവും സംവേദനക്ഷമതയുമുള്ള ഒരു നിരീക്ഷണ സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ശാസ്ത്രജ്ഞര്‍ അതില്‍ ഊന്നിപ്പറഞ്ഞതായി റിപോര്‍ട് പറയുന്നു.

ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ട്രാകിംഗ് ആന്‍ഡ് ടെലികമ്യൂണികേഷനിലെ ഗവേഷകനായ റെന്‍ യുവാന്‍ഷെന്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 'മൃദുവും കഠിനവുമായ ആക്രമണ രീതികള്‍ സംയോജിപ്പിക്കണം' എന്ന് പഠനം ആവശ്യപ്പെടുന്നു. 'ചില സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെടുത്താനും നക്ഷത്രസമൂഹത്തിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തെ നശിപ്പിക്കാനും മൃദുവും കഠിനവുമായ ആക്രമണ രീതികള്‍ അവലംബിക്കേണ്ടതുണ്ട്,' മോഡേണ്‍ ഡിഫന്‍സ് ടെക്നോളജിയിലെ ലേഖനത്തെ ഉദ്ധരിച്ച് റിപോർട് പറയുന്നു.

അമേരികന്‍ ഡ്രോണുകളുടെയും സ്റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകളുടെയും ഡാറ്റാ ട്രാന്‍സ്മിഷന്‍ വേഗത 100 മടങ്ങ് വര്‍ധിപ്പിക്കാന്‍ സ്റ്റാര്‍ലിങ്ക് കണക്ഷന് കഴിയുമെന്ന് അവര്‍ കണക്കാക്കുന്നതിനാലാണ് ചൈനീസ് സൈനിക ഗവേഷകര്‍ ഈ പഠനം നടത്തിയതെന്നും റിപോര്‍ട് കൂട്ടിച്ചേർക്കുന്നു.

മസ്‌കിന്റെ മോഹ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. അതിന് കീഴില്‍, ഭൂമിയുടെ ഭ്രമണപഥത്തിന് താഴെയായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖല വികസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കംപനിയായ സ്‌പെയ്‌സ് എക്‌സ് ( SpaceX ) പദ്ധതിയിടുന്നു. ഈ ഉപഗ്രഹങ്ങള്‍ ലോകമെമ്പാടുമുള്ള ലോ-ലേറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കും, ഭൂഗര്‍ഭ ഇന്റര്‍നെറ്റ് കേബിളുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് സ്റ്റാര്‍ലിങ്ക്, അവയെല്ലാം നശിപ്പിക്കാനാണ് ചൈനീസ് പദ്ധതി. മിസൈലുകള്‍ക്ക് ചെലവ് കൂടുതലായതിനാല്‍, ചൈനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലേസര്‍, മൈക്രോവേവ് സാങ്കേതികവിദ്യ, അല്ലെങ്കില്‍ ചെറിയ ഉപഗ്രഹങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഗവേഷകര്‍ നിര്‍ദേശിച്ചു.

ഈ മാസം ആദ്യം, സൈനിക ആശയവിനിമയത്തെ സഹായിക്കുന്നതിനായി യുക്രൈന് സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യ നല്‍കിയതിന് ശേഷം റഷ്യയുടെ റോസ്‌കോസ്മോസ് ബഹിരാകാശ ഏജന്‍സിയുടെ തലവന്‍ ദിമിത്രി റോഗോസിന്‍ മസ്‌കിനെ ഭീഷണിപ്പെടുത്തിയിരുന്നു, പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. അമേരികയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വിതരണം ചെയ്തതെന്ന് റോഗോസിന്‍ ഒരു ടെലിഗ്രാം ചാനലില്‍ ആരോപിക്കുകയും ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia