ആലപ്പുഴ: (www.kvartha.com) സംഗീതപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബശീര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബശീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ ബ്ലൂഡയമന്‍ഡ്‌സ് ഓര്‍കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
പാതിരപ്പള്ളിയിലെ ആഘോഷവേദിയില്‍നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് പൊലീസ് ബശീറിനെ എത്തിച്ചെങ്കിലും അല്‍പസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആഘോഷപരിപാടികള്‍ നിര്‍ത്തിവച്ചു.
1972ല്‍ ഗാനഭൂഷണം പാസായി. അകാഡമിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ ഗാനമേളകളില്‍ പാടാന്‍ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളില്‍ ഒരുമിച്ച് പാടിയിട്ടുണ്ട്. 'രഘുവംശം' എന്ന സിനിമയില്‍ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ എസ് ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്.
കെ ജെ ജോയിയുടെ സംഗീതത്തില്‍ വാണിജയറാമിനൊപ്പം 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയില്‍ പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍' എന്ന ഗാനം സൂപര്‍ ഹിറ്റായി. പിന്നീട്, തുടര്‍ന്നും സിനിമയില്‍ ചില അവസരങ്ങള്‍ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളില്‍ നിന്നും വിട്ടുനില്‍ക്കാനാകാത്തതിനാല്‍ അതൊക്കെ നിരസിക്കുകയായിരുന്നു.
ഗാനമേളയ്ക്കായി കൊല്ലം സംഗീതാലയയ്ക്ക് രൂപം നല്‍കി. ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ആയിരുന്നു ഉദ്ഘാടകന്‍. 1996ല്‍ കൊല്ലത്ത് സംഗീതം റെകോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോഴും ഉദ്ഘാടകന്‍ യേശുദാസ് തന്നെ. കേരളത്തില്‍ അപൂര്‍വം ഗാനമേള സമിതികള്‍ മാത്രമുണ്ടായിരുന്നപ്പോഴാണ് സംഗീതാലയ പിറന്നത്.
യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബശീര്‍ ജനഹൃദയങ്ങള്‍ കീഴടക്കി. വേദികള്‍ ഇല്ലാത്ത ദിവസങ്ങള്‍ ചുരുക്കമായി. അമേരിക, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ സംഗീതാലായയ്ക്ക് അതിരുകളില്ലാത്ത പ്രയാണം. പിതാവ് അബ്ദുല്‍ അസീസ് സിംഗപൂരിലായിരുന്നതിനാല്‍ അവിടെ നിന്ന് അത്യാധുനിക സംഗീതോപകരണം കൊണ്ടുവന്നായിരുന്നു ഗാനമേളയില്‍ പുതുമ ഒരുക്കിയത്.