Canada Bans Handgun | ടെക്‌സാസ് സ്‌കൂളില്‍ നടന്ന വെടിവയ്പ്പിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കാനഡ; കൈത്തോക്കുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിക്കുന്നു
May 31, 2022, 15:17 IST
ഒടാവ: (www.kvartha.com) അമേരികയില്‍ ഈ അടുത്ത കാലത്തായി നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് കൈത്തോക്ക് വില്പന നിരോധിക്കാനുള്ള സുപ്രധാന തീരുമാനവുമായി കാനഡ. കൈത്തോക്കുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. ബില്‍ പാര്‍ലമെന്റില്‍ പാസാകാനുണ്ട്. വ്യക്തികള്‍ തോക്ക് കൈവശം വയ്ക്കുന്നത് നിയമപരമായി തടയുമെന്നും ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.
'കൈത്തോക്കുകള്‍ കൈവശം വയ്ക്കാനുള്ള അവകാശത്തെ നിരോധിക്കാന്‍ ഞങ്ങള്‍ ബില്‍ അവതരിപ്പിക്കുകയാണ്. അതായത്, ഇനി മുതല്‍ തോക്ക് വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കാനഡയില്‍ ഒരിടത്തും കൈത്തോക്കുകള്‍ ഇറക്കുമതി ചെയ്യാനോ സാധിക്കില്ല. കൈത്തോക്ക് വിപണിയെ ഞങ്ങള്‍ നിയന്ത്രിക്കാന്‍ പോവുകയാണ്.'- ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കാനഡയില്‍ തോക്കുകള്‍ വാങ്ങാനും വില്‍ക്കാനും കൈമാറാനും ഇറക്കുമതി ചെയ്യാനും കഴിയില്ല. കഴിഞ്ഞ ആഴ്ചയിലെ ടെക്‌സാസ് സ്‌കൂള്‍ വെടിവയ്പ്പിന് ശേഷമാണ് തീരുമാനം. ഉവാള്‍ഡെയിലുള്ള റോബ് എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 600ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. കൂട്ടക്കൊല നടത്തിയ ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
2020 ല്‍ നോവ സ്‌കോടിയയില്‍ 23 പേര്‍ കൊല്ലപ്പെട്ട വെടിവയ്പ്പിന് ശേഷം 1500 തരം സൈനിക ഗ്രേഡുകളും തോക്കുകളും കാനഡ നിരോധിച്ചിരുന്നു. എങ്കിലും ഇവ ഉപയോഗത്തിലുണ്ടെന്ന് ട്രൂഡൊ പറഞ്ഞു. കാനഡയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ മൂന്ന് ശതമാനത്തിലും തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍കാര്‍ ഏജന്‍സി വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ തോക്കുകള്‍ രാജ്യത്തേക്ക് കടത്തുന്നത് യുഎസില്‍ നിന്നാണെന്നും കാനഡയില്‍ ഒരു ദശലക്ഷം തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പൊതുസുരക്ഷാ മന്ത്രി മാര്‍കൊ മെന്റികൊ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.