ന്യൂഡെല്‍ഹി: (www.kvartha.com) മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ മേലുദ്യോഗസ്ഥന് വളര്‍ത്തുനായയ്‌ക്കൊപ്പം സായാഹ്ന സവാരി നടത്തുന്നതിനായി രാജ്യാന്തര സ്റ്റേഡിയം ഒഴിപ്പിച്ചെന്ന സംഭവത്തില്‍ നടപടി. ഡെല്‍ഹി സര്‍കാരിന്റെ പ്രിന്‍സിപല്‍ സെക്രടറി (റവന്യു) സഞ്ജീവ് ഖിര്‍വാറിനെ ലഡാകിലേക്കും ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ റിങ്കു ദുഗ്ഗയെ അരുണാചല്‍പ്രദേശിലേക്കും സ്ഥലം മാറ്റി.
സഞ്ജീവ് ഖിര്‍വാറിന് സായാഹ്ന സവാരി നടത്തുന്നതിനായി ഡെല്‍ഹിയിലെ ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയത്തില്‍നിന്ന് താരങ്ങളെ ഒഴിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയാണ് നടപടി. സ്റ്റേഡിയത്തിലുള്ള കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തേ, വൈകിട്ട് ഏഴിന്, പരിശീലനം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
മേലുദ്യോഗസ്ഥന്റെ വളര്‍ത്തുനായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിനായി അത്ലറ്റുകളെയും പരിശീലകരെയും ഇതേ സമയത്ത് ഗ്രൗന്‍ഡില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ദേശീയമാധ്യമമാണ് റിപോര്‍ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രടറിയോട് റിപോര്‍ട് ആവശ്യപ്പെട്ടു.
ഡെല്‍ഹി സര്‍കാരിന് കീഴിലുള്ള സ്റ്റേഡിയത്തില്‍ നേരത്തെ രാത്രി 8 8.30 വരെ ഫ്‌ലഡ് ലൈറ്റ്‌സിന് പരിശീലിച്ചിരുന്നെന്നും ഇപ്പോള്‍ മേലുദ്യോഗസ്ഥന് നായയുമൊത്ത് സവാരി നടത്തുന്നതിനുവേണ്ടി തങ്ങളോട് 7 മണിക്ക് സ്റ്റേഡിയം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതോടെ തങ്ങളുടെ പരിശീലനം മുടങ്ങുന്ന സ്ഥിതിയാണെന്നും പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു പരിശീലകന്‍ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്ക്പ്രസ് റിപോര്‍ട് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ കായിക താരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്‌ട്രേറ്റര്‍ അജിത് ചൗധരി നിഷേധിച്ചിരുന്നു. പരിശീലനത്തിന് അനുവദിച്ചിരിക്കുന്ന സമയം രാത്രി ഏഴുവരെ മാത്രമാണെന്നും അതിനുശേഷം കായികതാരങ്ങള്‍ സ്റ്റേഡിയത്തില്‍ തുടരുന്നത് അനുവദിക്കാനാകില്ലെന്നുമായിരുന്നു വിശദീകരണം.
സഞ്ജീവ് ഖിര്‍വാറും ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. സ്റ്റേഡിയം അടയ്ക്കുന്ന സമയത്തിന് ശേഷമാണ് സായാഹ്ന സവാരി നടത്താറുള്ളതെന്നും നായയെ ഒരിക്കലും ട്രാകില്‍ പ്രവേശിപ്പിക്കാറില്ലെന്നും സഞ്ജീവ് പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഡെല്‍ഹിയിലെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വേണ്ടി രാത്രി 10 വരെ തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. 2010 കോമണ്‍വെല്‍ത് ഗെയിംസിനായിണ് ത്യാഗരാജ സ്റ്റേഡിയം നിര്‍മിച്ചത്. ഒട്ടേറെ ദേശീയ സംസ്ഥാന താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും ഇവിടെ പതിവായി പരിശീലനം നടത്താറുണ്ട്.