ശ്രീനഗര്‍: (www.kvartha.com) കശ്മീരിലെ ടിവി, ടിക് ടോക് താരമായ അമ്രീന്‍ ബടി(35)നെ കൊലപ്പെടുത്തിയ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. അമ്രീന്‍ ബടിന്റെ ഘാതകരായ രണ്ട് ലഷ്‌കറെ തയിബ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. ബുധനാഴ്ചയാണ് അമ്രീന്‍ വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ 10 വയസുകാരന് പരുക്കേറ്റിരുന്നു.
പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് വക്താവ് നേരത്തേ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ബദ്ഗാം ജില്ലയിലെ ഹിഷ്രൂവിലുള്ള അമ്രീന്റെ വീട്ടില്‍ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയെത്തിയ രണ്ടംഗസംഘമാണ് നടിയെ വെടിവച്ചു കൊന്നതെന്നാണ് വിവരം.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന അനന്തരവന്‍ ഫര്‍ഹാന്‍ സുബായിയുടെ കയ്യില്‍ വെടിയേറ്റു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ അമ്രീന്‍ മരിച്ചു. ലഫ്റ്റനന്റ് ഗവര്‍നര്‍ മനോജ് സിന്‍ഹ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ അനുശോചിച്ചു.