അഹ്‌മദാബാദ്: (www.kvartha.com) ഗുജറാതിലെ ഖേദ ജില്ലയിൽ ഓൺലൈൻ ഗെയിമിന്റെ പേരിൽ ജ്യേഷ്ഠൻ ഇളയ സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്ന് പൊലീസ്. 'സഹോദരന്മാർ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ മൊബൈൽ ഫോൺ പങ്കിടുന്നതിനെ ചൊല്ലി വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ 16 വയസുള്ള ജ്യേഷ്ഠൻ 11 വയസുള്ള ഇളയ സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. മാത്രമല്ല, കുറ്റം മറച്ചുവെക്കാൻ അനുജന്റെ മൃതദേഹം കമ്പികൊണ്ട് കെട്ടി കിണറ്റിലേക്ക് വലിച്ചെറിയുകയും എറിയുന്നതിന് മുമ്പ് മൃതദേഹം മുകളിലേക്ക് വരാതിരിക്കാൻ ഭാരമുള്ള കല്ല് ദേഹത്ത് കെട്ടിയിടുകയും ചെയ്തു', അധികൃതർ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടി കസ്റ്റഡിയിൽ
ഗോബ്ലെജ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഖേഡ പൊലീസ് സബ് ഇൻസ്പെക്ടർ എസ്പി പ്രജാപതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത ജ്യേഷ്ഠനെ കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ കുടുംബം അയൽസംസ്ഥാനമായ രാജസ്താനിലെ ബൻസ്വാര ജില്ലയിൽ നിന്നുള്ളവരാണെന്നും കർഷകത്തൊഴിലാളിയായി ഗോബ്ലെജിൽ എത്തിയതാണെന്നും പ്രജാപതി അറിയിച്ചു.
ഗെയിം കളിക്കുന്നതിനിടയിൽ അടികൂടി
'രണ്ട് സഹോദരന്മാരും മൊബൈൽ ഫോണിൽ മാറിമാറി ഗെയിമുകൾ കളിക്കുകയായിരുന്നു. ഊഴമെത്തിയപ്പോൾ ജ്യേഷ്ഠന് മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് സഹോദരനുമായി വഴക്കിട്ടു. ദേഷ്യത്തോടെ വലിയ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ബോധംകെട്ടുവീണ സഹോദരനെ ഒരു കല്ലിൽ കമ്പിയുപയോഗിച്ച് കെട്ടി കിണറ്റിലേക്ക് എറിയുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ അറിയിക്കാതെ ജ്യേഷ്ഠൻ ബസിൽ കയറി രാജസ്താനിലെ സ്വന്തം നാട്ടിലേക്ക് പോയി.
വൈകുന്നേരമായിട്ടും രണ്ട് മക്കളെയും മാതാപിതാക്കൾ വീട്ടിൽ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മൂത്തമകൻ രാജസ്താനിൽ ഉള്ളതായി കണ്ടെത്തി. തിരികെ കൊണ്ടുവന്ന് ഇളയ സഹോദരനെ കുറിച്ച് ചോദിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി. വീട്ടുകാരിൽ നിന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു', പൊലീസ് വിശദീകരിച്ചു.
Boy Killed | 'മൊബൈൽ ഫോണിലെ ഓൺലൈൻ ഗെയിം 16 വയസുള്ള ജ്യേഷ്ഠനെ കൊലപാതകിയാക്കി; ഇളയ സഹോദരനെ കൊന്ന് മൃതദേഹം കിണറ്റിൽ തള്ളി!' ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
16-Year-Old Boy Killed another boy In Fight Over Game On Phone: Cops#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍