കാക്കനാട്: (www.kvartha.com) തൃക്കാക്കരയിലെ വോടര്‍മാര്‍ക്കിടയില്‍ താരമായി 108കാരി ആസിയ. ഈ പ്രായത്തിലും വോട് ചെയ്യുക എന്നത് ആസിയ ഉമ്മയ്ക്ക് ആവേശമാണ്. തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ ഈ വോടര്‍ ബന്ധുക്കളുടെ സഹായത്തോടെ രാവിലെ തന്നെ ബൂതിലെത്തി വോടു രേഖപ്പെടുത്തി മടങ്ങി.
മണ്ഡലത്തിലെ 100 കഴിഞ്ഞ 22 വോടര്‍മാരില്‍ ഒരാളാണ് ആസിയ. പടമുകള്‍ കുന്നുംപുറം നെയ്‌തേലിയില്‍ പരേതനായ അഹ് മദിന്റെ ഭാര്യയാണ്. ഇഷ്ടമുള്ള പാര്‍ടിയും ചിഹ്നവുമുണ്ടെങ്കിലും അത് ഏതാണെന്നു ചോദിച്ചാല്‍ മറുപടി ഒരു ചിരിയിലൊതുക്കും.
സ്വാതന്ത്ര്യത്തിനു മുന്‍പ് കളര്‍ ബോക്‌സ് സംവിധാനത്തിലൂടെയുള്ള വോടിങ് രീതികള്‍ നാട്ടിലുണ്ടായിരുന്നുവെന്ന് ആസിയ അയവിറക്കുന്നു. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ച ബാലറ്റ് പെട്ടിയില്‍ വോടിട്ടാണ് ആസിയ വോട് ചെയ്തു തുടങ്ങിയത്. പിന്നീടു സാധാരണ ബാലറ്റിലേക്കും യന്ത്രത്തിലേക്കും തെരഞ്ഞെടുപ്പ് വഴി മാറിയതൊക്കെ പുതിയ ചരിത്രം.
സമീപകാല തെരഞ്ഞെടുപ്പുകളിലൊക്കെ വോടിങ് യന്ത്രത്തില്‍ വോട് രേഖപ്പെടുത്തിയ ആസിയയ്ക്കു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ബാലറ്റ് പേപറില്‍ വോട് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. 80 വയസു കഴിഞ്ഞവര്‍ക്കു കോവിഡ് മുന്‍നിര്‍ത്തി തപാല്‍ വോട് ഏര്‍പെടുത്തിയപ്പോഴാണത്.
ഇത്തവണത്തെ സ്ഥാനാര്‍ഥികളെ കുറിച്ചു മക്കളും പേരക്കുട്ടികളും അവരുടെ മക്കളും ആസിയയ്ക്ക് പറഞ്ഞുകൊടുത്തിരുന്നു. ഈ വയസിലും ആസിയ ഉമ്മ നല്ല ചുറുചുറുക്കോടെയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. വീടിനകത്ത് ഊന്നുവടിയുടെ സഹായത്തോടെയാണു നടപ്പ്.
വാഴക്കാല മാനാത്ത് കുറ്റിക്കാട്ട് കൊച്ചുണ്ണിയുടെ മകളായ ആസിയ പതിനാലാം വയസിലാണു ബന്ധു കൂടിയായ അഹ് മദിനെ വിവാഹം കഴിക്കുന്നത്. 12 മക്കളില്‍ നാലു പേര്‍ മരിച്ചു. ഇളയ മകനും തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം ജെനറല്‍ സെക്രടറിയുമായ സലിം കുന്നുംപുറത്തിനൊപ്പമാണിപ്പോള്‍ താമസം.
Keywords: 108 year old Asiya casts vote; oldest voter at Thrikkakkara Bypoll, News, By-election, Voters, Politics, Vote, Kerala.