കോഴിക്കോട്: (www.kvartha.com) 28 കാരനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു ആണ് മരിച്ചത്. യുവാവിനെ പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുത്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമീഷണക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
ചൊവ്വാഴ്ച രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കൊണ്ടുപോയത്. പിന്നീട് രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുകാരാണ് അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.