തിരുവനന്തപുരം: (www.kvartha.com) കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാനം. ഇനി മുതല്‍ തൊഴിലിടത്തിലും പൊതു സ്ഥലങ്ങളിലും കര്‍ശനമായി മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പിഴ എത്ര രൂപയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
കോവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അവലോകന യോഗത്തിനു ശേഷം അറിയിച്ചിരുന്നു. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്.
എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രികോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക, ഡെല്‍ഹി എന്നിവിടങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.