തുമകുരു(കര്‍ണാടക): (www.kvartha.com) തുമകുരുവിലെ ബെലഗെരെഹള്ളിയില്‍ വ്യാജ ഡോക്ടര്‍ ദമ്പതികള്‍ നല്‍കിയ അശാസ്ത്രീയ ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി റിപോര്‍ട്. ബെലഗെരെഹള്ളി സ്വദേശി മമത(34)യാണ് മരിച്ചത്. പറഞ്ഞ് പറ്റിച്ച് ചികിത്സിച്ച വ്യാജ ഡോക്ടര്‍മാരായ വാണി, മഞ്ജുനാഥ് എന്നിവരെ അറസ്റ്റ് ചെയ്തത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: മല്ലികാര്‍ജുനന്‍-മമത ദമ്പതികളില്‍ നിന്ന് നാല് മാസത്തെ ചികിത്സക്കിടെ നാല് ലക്ഷം രൂപയാണ് ഡോക്ടറായി ചമഞ്ഞ ദമ്പതികള്‍ തട്ടിയെടുത്തത്. വാണിയും മഞ്ജുനാഥും എസ്എസ്എല്‍സി പാസായവര്‍ മാത്രമാണെന്നും മെഡികല്‍ ബിരുദമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
15 വര്‍ഷം മുമ്പാണ് മല്ലികാര്‍ജുനന്‍ മമതയെ വിവാഹം ചെയ്തത്. വിവാഹിതരായി 15 വര്‍ഷമായിട്ടും ഇതുവരെ മക്കളില്ലാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഈ സമയത്താണ് മാണ്ഡ്യ സ്വദേശി മഞ്ജുനാഥും ഉഡുപ്പി സ്വദേശിനിയായ വാണി എന്നിവര്‍ മമതയെയും മല്ലികാര്‍ജുനെയും ബന്ധപ്പെടുകയും, ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞിനെ ലഭിക്കാന്‍ സഹായിക്കാമെന്നും വാഗ്ദാനം നല്‍കുകയും ചെയ്തതത്.
തുടര്‍ന്ന് വ്യാജമരുന്ന് നല്‍കുകയും മമതയുടെ വയറ്റില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വയറുവേദനയെ തുടര്‍ന്ന് മമതയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മമത ഗര്‍ഭിണിയല്ലെന്ന സത്യം വെളിപ്പെടുന്നത്.
അപ്പോഴേക്കും ഗുരുതരാവസ്ഥയിലായ മമതയ്ക്ക് വ്യാജചികിത്സയുടെ ഫലമായി ഗര്‍ഭാശയം, വൃക്ക, ഹൃദയം, മസ്തിഷ്‌ക സംബന്ധമായ രോഗങ്ങളുണ്ടായി. തുടര്‍ന്ന് ബെംഗ്‌ളൂറു സെന്റ് ജോണ്‍സ് ആശുപത്രിയിലും തുമകുരുവിലെ ശ്രീദേവി ആശുപത്രിയിലും മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നു മമത. തുടര്‍ ചികിത്സയ്ക്കായി മമതയെ തിപ്പത്തൂര്‍ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരണപ്പെട്ടു.
പിടിയിലായ തട്ടിപ്പുകാര്‍ തിപ്പത്തൂര്‍, തിരുവേക്കരെ, അരസിക്കെരെ എന്നിവിടങ്ങളിലായി സമാനരീതിയില്‍ ചികിത്സ നടത്തി മക്കളില്ലാത്ത ദമ്പതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നൊനവനെകെരെ പൊലീസ് സ്റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി.