Follow KVARTHA on Google news Follow Us!
ad

UK PM in India | ബ്രിടൻ അമേരികയ്ക്കും യൂറോപ്യൻ യൂനിയനുമൊപ്പം ഇൻഡ്യയ്ക്കും തുല്യപദവി നൽകുന്നു; സ്വന്തമായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ സഹായവും; യുകെയുടെ 'ഇൻഡ്യൻ പ്രേമം' റഷ്യയിൽ നിന്ന് അകറ്റാനുള്ള നീക്കമോ?

UK PM Boris Johnson To Offer India Help To Build Its Own Fighter Jets #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയ്ക്ക് സ്വന്തമായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ സഹായം നല്‍കാമെന്ന പ്രഖ്യാപനം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയേക്കും. ഇന്‍ഡ്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം പുതിയ വാഗ്ദാനം നല്‍കാന്‍ തയ്യാറാകുന്നതെന്നാണ് വിവരം. വ്യാഴാഴ്ച ഇന്‍ഡ്യയിലെത്തിയ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇക്കാര്യം അറിയിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ ജോണ്‍സന്റെ ആദ്യ ഇൻഡ്യൻ സന്ദര്‍ശനമാണിത്.
 
UK PM Boris Johnson To Offer India Help To Build Its Own Fighter Jets, National, News, Top-Headlines, America, European Union, India, War, Russia, Prime Minister, Narendra Modi, Business.

യുക്രൈനിനെതിരായ ആക്രമണത്തിൽ പഴയ സുഹൃത്തായ റഷ്യയെ ഇൻഡ്യ വിമർശിച്ചിട്ടില്ല. അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തതല്ലാതെ യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കാന്‍ കേന്ദ്ര സര്‍കാര്‍ തയ്യാറായില്ല. റഷ്യയ്‌ക്കെതിരെ കൊണ്ടുവന്ന മൂന്ന് യുഎൻ പ്രമേയങ്ങളിലും വോടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും ഇൻഡ്യ തീരുമാനിച്ചു. റഷ്യയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ സംശയമുള്ള ക്വാഡ് രാജ്യങ്ങളിൽ ഇൻഡ്യ മാത്രമേയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു.


റഷ്യയോടുള്ള ഇൻഡ്യയുടെ നിലപാടിൽ തങ്ങളുടെ രാജ്യം കടുത്ത നിരാശയിലാണെന്ന് ബ്രിടന്റെ വ്യാപാര മന്ത്രി ആൻ മേരി ട്രെവെലിയൻ നേരത്തെ പറഞ്ഞിരുന്നു. ഇൻഡ്യയുമായുള്ള രണ്ടാംഘട്ട വ്യാപാര ചർചകൾ അവസാനിക്കുന്നതിന് മുമ്പാണ് ട്രാവൽയാൻ ഇക്കാര്യം പറഞ്ഞത്. ഈയൊരു പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനങ്ങൾ പ്രസക്തമാകുന്നത്.


ഇന്‍ഡ്യയുമായുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ - നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ നിർണായക ചർചകൾ ഉണ്ടാവുമെന്നാണ് അറിയുന്നത്. സൈനിക ഹാര്‍ഡ്വെയറിന്റെ പകുതിയിലധികം ഇന്‍ഡ്യ റഷ്യയില്‍ നിന്ന് വാങ്ങുന്ന പശ്ചാത്തലത്തിലാണ് ബ്രിടന്റെ പുതിയ നീക്കം. ഭാരതത്തിന് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള അറിവും പ്രതിരോധ ഉപകരണങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള ലൈസന്‍സും നല്‍കാന്‍ ബ്രിടന്‍ തയ്യാറാണെന്നാണ് വിവരം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനും ജോൺസൺ ശ്രമിക്കുമെന്ന് ബ്രിടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രെക്സിറ്റിന് ശേഷം ഈ കരാറിൽ ബ്രിടന് വലിയ പ്രതീക്ഷയുണ്ട്. ഈ കരാർ 2035-ഓടെ വാർഷിക വ്യാപാരം 36.5 ബില്യൻ ഡോളറായി ഉയർത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം മേയിൽ ഏകദേശം 53 ബില്യൻ രൂപയുടെ നിക്ഷേപം ഇൻഡ്യ ബ്രിടനിൽ പ്രഖ്യാപിച്ചിരുന്നു. ജോൺസന്റെ ഈ സന്ദർശനത്തിൽ ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം എന്നീ മേഖലകളിൽ കൂടുതൽ കരാറുകൾ പ്രഖ്യാപിക്കാനാകും. പ്രതിരോധ വസ്തുക്കളുടെ വിതരണ സമയം കുറയ്ക്കുന്നതിന് ഓപണ്‍ ജനറല്‍ എക്സ്പോര്‍ട് ലൈസന്‍സ് ഇന്‍ഡ്യയ്ക്ക് നല്‍കും. നിലവില്‍ യൂറോപ്യന്‍ യൂണിയനും യുഎസിനും മാത്രമാണ് ഇത്തരമൊരു ലൈസന്‍സ് ഉള്ളതെന്ന് ജോണ്‍സന്റെ വക്താവ് പറഞ്ഞു.

അതിനിടെ വ്യാഴാഴ്ച ഗുജറാത് സന്ദര്‍ശിച്ച ശേഷം ജോണ്‍സണ്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമായി. ജനാധിപത്യത്തിന് തുരങ്കം വയ്ക്കാനും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം ഇല്ലാതാക്കാനും പരമാധികാരത്തെ ചവിട്ടിമെതിക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണികളെ ലോകം അഭിമുഖീകരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്‍ഡ്യയുമായുള്ള യുകെയുടെ പങ്കാളിത്തം കൊടുങ്കാറ്റുള്ള കടലിലെ ഒരു വഴിവിളക്കാണെന്നും യുകെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ സുരക്ഷ, പ്രതിരോധം തുടങ്ങി ഇരു രാജ്യങ്ങള്‍ക്കും പ്രാധാന്യമുള്ള വിഷയങ്ങളിലുള്ള സഹകരണം ഭാവിയില്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത യുക്രൈന്‍ യുദ്ധം ഉയര്‍ത്തിയതായി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. തര്‍ക്കമുള്ള ഹിമാലയന്‍ അതിര്‍ത്തിയില്‍ രാജ്യം ശക്തരായ ചൈനീസ് സൈന്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ പ്രതിരോധ ഇടപാടുകൾ പ്രധാനമാണ്.

ഇന്‍ഡ്യയെ സമ്മര്‍ദത്തിലാക്കാതെ അനുനയത്തിലൂടെ റഷ്യയില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ് പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്നതെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി അമേരിക കൂടുതല്‍ പ്രതിരോധ, ഊര്‍ജ വില്‍പ്പനയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരികയുടെ സമ്മര്‍ദം വകവയ്ക്കാതെ, യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനെ ന്യായീകരിച്ച് ഇന്‍ഡ്യയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നു. ബോറിസ് ജോണ്‍സന്റെ നീക്കങ്ങൾ എന്തുമാറ്റം ഉണ്ടാക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

Keywords: UK PM Boris Johnson To Offer India Help To Build Its Own Fighter Jets, National, News, Top-Headlines, America, European Union, India, War, Russia, Prime Minister, Narendra Modi, Business.

< !- START disable copy paste -->

Post a Comment