ഡാലസ്: (www.kvartha.com) യുഎസില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. കൊച്ചി രാമമംഗലം കടവ് ജംക്ഷന് സമീപം താനുവേലില്‍ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.
യുഎസിലെ ഡാലസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ ബോടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
ഇന്‍ഡ്യന്‍ സമയം തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ബിജു ഡാലസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
യാത്രയ്ക്കിടെ തകരാറിലായ ബോട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ സുഹൃത്തിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് തോമസ് ആന്റണി അപകടത്തില്‍പെട്ടത്. തോമസ് ആന്റണി ഡാലസില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണ് നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം.
ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസില്‍ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വല്‍സമ്മയും ഇവര്‍ക്കൊപ്പമുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും രാമമംഗലത്ത് നിന്നു യുഎസിലേക്ക് പോയത്. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയില്‍ സവിത. ഡാലസില്‍ നഴ്‌സാണ്. മക്കള്‍: ഡിലന്‍, എയ്ഡന്‍, റയാന്‍.