ഇടുക്കി: (www.kvartha.com) പുറ്റടിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ചെ രണ്ട് മണിയോടെയാണ് ദാരുണസംഭവം.
അയല്‍വാസികളാണ് വീട്ടില്‍നിന്ന് രാവിലെ തീ ഉയരുന്ന് കണ്ടത്. ഉടന്‍ തന്നെ ഇവരെ പുറത്തെത്തിച്ച് ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചു. ശ്രീധന്യ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫയര്‍ഫോഴ്‌സ് ഉള്‍പെടെ സ്ഥലത്തെത്തിയാണ് പൂര്‍ണതോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.