ലക്‌നൗ: (www.kvartha.com 16.04.2022) പാകിസ്താനി ഗാനം കേട്ടതിന് കുട്ടികള്‍ക്കെതിരെ കേസെടുത്തതായി ഉത്തര്‍പ്രദേശ് പൊലീസ്. അയല്‍രാജ്യത്തെ പ്രശംസിക്കുന്ന പാട്ട് കേട്ടെന്ന പ്രദേശവാസിയായ ആശിഷ് നല്‍കിയ പരാതിയിലാണ് കൗമാരക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
മൊബൈലില്‍ പാട്ട് കേട്ടതിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ കേസെടുത്തത്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 16 ഉം 17 ഉം വയസുള്ള ആണ്‍കുട്ടികള്‍ക്കെതിരെയാണ് കേസെന്ന് ദി വയര്‍ റിപോര്‍ട് ചെയ്തു.
കുട്ടികള്‍ പാട്ട് കേള്‍ക്കുന്നതിനിടെ ആശിഷ് ദൃശ്യം മൊബൈലില്‍ പകര്‍ത്തി, അധികൃതരോട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
പാട്ട് കേള്‍ക്കുന്നതിനെ ആശിഷ് എതിര്‍ത്തപ്പോള്‍ ഇരുവരും തര്‍ക്കിച്ചെന്നും പിന്നാലെ, സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും പിടിഐ റിപോര്‍ട് ചെയ്തു. പാട്ട് കേള്‍ക്കുന്നത് നിര്‍ത്താന്‍ പരാതിക്കാരന്‍ ഇരുവരോടും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അസഭ്യം പറഞ്ഞെന്നും എഫ്ഐആറില്‍ അവകാശപ്പെടുന്നുണ്ട്.
പാക് ബാലതാരം ആയത് ആരിഫിന്റെ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. 40 സെകന്‍ഡില്‍ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈന്‍ പറഞ്ഞു.
എന്നാല്‍ ഏപ്രില്‍ 13ന് അഞ്ച് മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവന്‍ സ്റ്റേഷനില്‍ തടഞ്ഞുവച്ചതായും കുടുംബം ആരോപിച്ചു. പരാതിയില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണല്‍ സൂപ്രണ്ട് (റൂറല്‍) പറഞ്ഞു.