ഗുവാഹതി: (www.kvartha.com) പശുക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് യുവാക്കള്‍ അസമില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഏപ്രില്‍ 13ന് മീറത് പൊലീസ് അറസ്റ്റ് ചെയ്ത അക്ബര്‍ ബന്‍ജാരയും സല്‍മാനുമാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും മൃഗ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോക്രജാര്‍ ജില്ലയില്‍ പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അസം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
തിങ്കളാഴ്ച തെളിവെടുപ്പിനായി പോകുന്നതിനിടെ പുലര്‍ച്ചെ 1.15ന് മരങ്ങള്‍ ഉപയോഗിച്ച് വഴി തടഞ്ഞ ശേഷമായിരുന്നു ആക്രമണം. കോക്രേജാര്‍ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസ് വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
10-12 മിനിറ്റ് നേരം പ്രദേശത്ത് വെടിവയ്പ്പുണ്ടായി. ശേഷം പരിക്കേറ്റ യുവാക്കളെ സരൈബില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒരു എ കെ 47 റൈഫിള്‍, തിരകള്‍, 35 റൗന്‍ഡ് വെടിയുണ്ടകള്‍, 28 റൗന്‍ഡ് കാലി ബുളറ്റ് ഷെലുകള്‍ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
കൊല്ലപ്പെട്ട പ്രതികള്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്ന് കാലികളെ ബംഗ്ലാദേശിലേക്ക് കടത്തിയതായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളും പാകിസ്താന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐ എസ് ഐ) റാകറ്റില്‍ പങ്കാളികളാണ് ഇവര്‍. കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കി. ഇരുവരും അസമിലെയും മേഘാലയയിലെയും തീവ്രവാദ സംഘടനകള്‍ക്കും തുക ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.