ന്യൂയോര്‍ക്: (www.kvartha.com) ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ കരങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. 2013 മുതല്‍ പൊതു കംപനിയായി പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ ഇതോടെ സ്വകാര്യ കംപനിയായി മാറും.
എന്നാല്‍ മസ്‌കിന്റെ കീഴിലുള്ള ട്വിറ്ററിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ പറയുന്നു. തിങ്കളാഴ്ച ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കല്‍ ഇടപാട് പൂര്‍ത്തിയായാല്‍ ഈ സമൂഹമാധ്യമത്തിന്റെ പോക്ക് ഏതു ദിശയിലേക്കാണെന്ന് അറിയില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.
നവംബറിലാണ് ജാക് ഡോര്‍സിയില്‍ നിന്ന് ഇന്‍ഡ്യക്കാരനായ പരാഗ് അഗ്രവാള്‍ സിഇഒ പദവി ഏറ്റെടുത്തത്. ട്വിറ്ററിന്റെ മാനേജ്‌മെന്റിനെ വിശ്വാസമില്ലെന്ന് മസ്‌ക് ഏപ്രില്‍ 14ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത് ഒരു വര്‍ഷ(12 മാസം)ത്തിനുള്ളില്‍ സിഇഒ പരാഗ് അഗ്രവാളിനെ മാറ്റുകയാണെങ്കില്‍ പരാഗിന് കിട്ടുക 42 മില്യന്‍ യുഎസ് ഡോളര്‍ (321 കോടി രൂപ)എന്ന് റിപോര്‍ട്.
നഷ്ടപരിഹാരം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ഗവേഷക കംപനിയായ ഇക്വിലാര്‍ ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. അഗ്രവാളിന്റെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പെടുത്തിയാണ് ഇക്വിലാറിന്റെ നിഗമനം. ഇക്വിലാറിന്റെ വിലയിടലിനോട് ട്വിറ്റര്‍ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ട്വിറ്റര്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായി പിന്നീടൊരു ദിവസം മസ്‌ക് എത്തുമെന്ന് കംപനി അറിയിച്ചിട്ടുണ്ട്.