ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണമെന്ന് റിപോര്‍ട്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സുന്‍ജ്വാനില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായി സുരക്ഷാസേന അറിയിച്ചു. സിഐസിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മരിച്ചത്. സൈനികന്റെ വീരമൃത്യു ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.
പുലര്‍ചെ മൂന്നേകാലോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് വിവരം. ജമ്മു കശ്മീര്‍ പൊലീസിലെ രണ്ടും സിഐഎസ്എഫിലെ രണ്ടും അടക്കം നാല് സുരക്ഷാസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
സുന്‍ജ്വാനിലെ ഒരു വീട്ടില്‍ നാലോളം ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്. പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ഭീകരരുമായുള്ള ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഏപ്രില്‍ 24ന് പല്ലി ഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചായത്ത് അംഗങ്ങളുടെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ കശ്മീരില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പെട്രോളിങ്ങും തിരച്ചിലും സുരക്ഷാസേന തുടരുന്നുണ്ട്. ഇതിനിടെയാണ് സംഭവം.