കോഴിക്കോട്: (www.kvartha.com) ബന്‍ഗാള്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ മുഖ്യപ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്. റോഷന്‍ ആര്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. 2021 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സ്വര്‍ണവ്യാപാരിയായ റംസാന്‍ അലിയെ പ്രതികള്‍ ആക്രമിക്കുകയും തുടര്‍ന്ന് സ്വര്‍ണം കവര്‍ന്നെന്നുമാണ് കേസ്. നഗരത്തിലെ സ്വര്‍ണ ഉരുക്ക് കേന്ദ്രത്തിന്റെ ഉടമയാണ് റംസാന്‍. ലിങ്ക് റോഡിലെ സ്വര്‍ണ ഉരുക്ക് കേന്ദ്രത്തില്‍ നിന്ന് മാങ്കാവിലേക്ക് പോകുന്നതിനിടെ കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍ വെച്ചാണ് നാലു ബൈകുകളിലായി എത്തിയ എട്ടംഗ സംഘം വ്യാപാരിയെ ആക്രമിച്ചത്. തുടര്‍ന്ന് റംസാനെ ചവിട്ടി താഴെയിട്ട് കൈവശം ഉണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ടു.
പാന്റിന്റെ പോകറ്റില്‍ കടലാസില്‍ പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അക്രമികള്‍ സ്വര്‍ണം കവര്‍ന്നതോടെ റംസാന്‍ അലി കരഞ്ഞു ബഹളം വെച്ചു. ഇതോടെ ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
വിവരമറിഞ്ഞ് പൊലീസ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും കവര്‍ചക്കാര്‍ രക്ഷപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ 15 പേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: Three more arrested in gold robbery case in Kozhikode, Kozhikode, News, Business Man, Gold, Robbery, Arrested, Kerala.