Follow KVARTHA on Google news Follow Us!
ad

കർണാടക മന്ത്രിസഭയിൽ മറ്റാർക്കുമില്ല മലയാളി ധാർമികത്തിളക്കം

There is no one else in the Karnataka cabinet Malayalee moral shine, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

ബെംഗ്ളുറു: (www.kvartha.com 16.04.2022) ഒമ്പത് മാസം മാത്രം പ്രായമായ കർണാടകയിലെ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ അഴിമതിക്കുലയിൽ ആടിയ പേട്ടുതേങ്ങ കോൺഗ്രസ് കഴിഞ്ഞ ദിവസം എറിഞ്ഞു വീഴ്ത്തി. അധികാരം വിട്ടൊഴിയാൻ അമാന്തിക്കുന്ന ഈ പൈതൃകം കർണാടകയിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പൊതു പുഴുനടപ്പാണെങ്കിൽ ധാർമികതയുടെ പത്തരമാറ്റോടെ ചരിത്രത്തിൽ തിളങ്ങുന്നുണ്ട് മലയാളികളായ കെ ജെ ജോർജും സി എം ഇബ്രാഹീമും.
                    
News, National, Top-Headlines, Bangalore, Karnataka, BJP, Congress, Politics, Udupi, Mangalore, Police, Minister, There is no one else in the Karnataka cabinet Malayalee moral shine.

കരാറുകാരനും ഹിന്ദുത്വവാദിയുമായ സന്തോഷ് കുമാർ പടിൽ ഉഡുപിയിലെ ലോഡ്ജ് മുറിയിൽ രണ്ട് വിഷത്തുള്ളികളിൽ ജീവിതം അവസാനിപ്പിക്കുംമുമ്പ് പറഞ്ഞിട്ടുപോയ കാര്യങ്ങളാണ് മുതിർന്ന ബിജെപി നേതാവായ ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെക്കാൻ കാരണം. ഭാര്യ ജയശ്രീയുടെ താലിയും വളയും വരെ പണയം വെച്ചും കിട്ടാവുന്നിടത്തുനിന്നൊക്കെ കടംവാങ്ങിയും നാലുകോടി രൂപയുടെ ഗ്രാമീണ പാതകൾ പൂർത്തിയാക്കിയതിന്റെ ബിലുകൾ പണമായി ലഭിക്കാൻ ഈശ്വരപ്പ 40ശതമാനം കമീഷൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

ഉഡുപി പൊലീസ് മന്ത്രിക്കെതിരെ എഫ് ഐ ആർ തയ്യാറാക്കുകയും അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടും ഈശ്വരപ്പക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് പ്രതിഷേധത്തിൽ കർണാടക കലുഷിതമാവുന്നത് ബിജെപിയുടെ ഡെൽഹിയിലെ ഈശ്വരന്മാർ അറിയുന്നുണ്ടായിരുന്നു. ശനിയും ഞായറും ചേരുന്ന പാർടി കർണാടക സംസ്ഥാന നിർവാഹക സമിതി യോഗം ദേശീയ അധ്യക്ഷൻ നദ്ദയുടെ സാന്നിധ്യത്തിൽ പുറത്തെ കാറ്റും കോളും അടങ്ങാതെ എങ്ങിനെ ചേരും എന്ന ആധി പെരുത്തു.

73ന്റെ യൗവ്വനത്തുടിപ്പോടെ മതവിദ്വേഷം വിളമ്പുന്ന നേതാവിനോട് തൽക്കാലം ചെങ്കോട്ടയിൽ കാവിക്കൊടി പാറുന്ന ഉദയം കിനാക്കണ്ട് കഴിഞ്ഞോളാൻ ഹൈകമാൻഡ് അരുളി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രാജിയുണ്ടാവും എന്ന് അറിയിച്ച മുഖ്യമന്ത്രിയും മാധ്യമ പാരാവാരവും ബെംഗ്ളൂറിൽ കാത്തിരുന്നെങ്കിലും സൂര്യൻ അസ്തമിച്ചിട്ടും ഈശ്വരപ്പയെ മാത്രം കണ്ടില്ല. പിന്നെയുണ്ട് അദ്ദേഹം കൊടിവെച്ച കാറിൽ മുന്നിലും അറുപതോളം കാറുകളിൽ അനുയായികൾ പിന്നിലുമായി കടന്നുവരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുന്നേരം പുറത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിക്കുക എന്ന നിയോഗം ഒപ്പം വന്ന ആളുകൾ തൊണ്ടകീറി നിർവഹിക്കുന്നുണ്ടായിരുന്നു.

വിവിധ കക്ഷികളുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും കർണാടകയിൽ പല കാലങ്ങളിൽ രാജിവെച്ചിട്ടുണ്ട്. അതിലെല്ലാം തള്ളിവീഴ്ത്തൽ പശ്ചാത്തലത്തലമുണ്ടായിരുന്നു. ഈ രാഷ്ട്രീയ പരിസരത്താണ് ഇബ്രാഹീമും ജോർജ്ജും വ്യത്യസ്തരായത്. 1980ലെ ഗുണ്ടുറാവുവിന്റെ കോൺഗ്രസ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ വലം കൈയായി അറിയപ്പെട്ട സി എം ഇബ്രാഹിം രാജിവെച്ച സംഭവം രാഷ്ട്രീയ ധാർമ്മിക ഘടികാര സൂചിയാണ്. ദുബൈ ഭരണാധികാരി സമ്മാനിച്ച റോളക്സ് വാച് കെട്ടി സഭയിൽ വന്ന മന്ത്രി ഇബ്രാഹീമിനെതിരെ ഇസ് ലാമിക ചാരൻ എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തിയത്. ചാരൻ വിശേഷണത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ സ്വന്തം പാർടിയിലെ ചിലരും ഉണ്ടെന്നറിഞ്ഞ നോവോടെ രാഷ്ട്രീയ 'ഹദിയ'യായ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ഇബ്രാഹിം ശെയ്ഖ് സമ്മാനിച്ച 'ഹദിയ' കൈയിൽ കെട്ടി ഏറെക്കാലം ഉൾവലിഞ്ഞു.

ഇബ്രാഹിം പ്രകടിപ്പിച്ച ആ ധാർമികത മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ നിയമസഭ പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യയിൽ പോലും പുലർന്നു കണ്ടില്ലെന്നതാണ് കർണാടക രാഷ്ട്രീയ വർത്തമാനം. മുഖ്യമന്ത്രി സിദ്ധാരാമയ്യ കൈയിൽ കെട്ടിയ 70 ലക്ഷം രൂപ വിലയുള്ള ആഢംബര വാചിനെച്ചൊല്ലിയ വിവാദം ദിവസങ്ങളോളമാണ് രണ്ടു സഭകളേയും ശബ്ദായമാനമാക്കിയിരുന്നത്. എന്നാൽ രാജി ആവശ്യം തള്ളിയ സിദ്ധാരാമയ്യ തനിക്ക് വാച് സമ്മാനിച്ചത് ദുബൈയിലെ വ്യവസായി ഗോപാൽ പിള്ള ഗിരിഷ് ചന്ദ്ര വെർമ്മയാണെന്ന് വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്. വാച് പൊതുസ്വത്തായി സൂക്ഷിക്കാൻ സർകാറിന് കൈമാറി തലയൂരുകയും ചെയ്തു.

മംഗ്ളുറു ഐ ജി ഓഫീസിൽ ഡ്യൂടിയിലായിരിക്കെ കുടക് സോമവാർപേട്ട സ്വദേശി ഡിവൈ എസ് പി എം കെ ഗണപതി (51) 2016 ജൂലൈയിൽ മടിക്കേരിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തതിന് തൊട്ടുമുമ്പ് പ്രാദേശിക ചാനലിന് അഭിമുഖം നൽകിയിരുന്നു. അന്ന് സിദ്ധാരാമയ്യ മന്ത്രി സഭയിൽ അംഗമായ കെ ജെ ജോർജ് നേരത്തെ ആഭ്യന്തര മന്ത്രിയായപ്പോൾ ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു അഭിമുഖത്തിലെ ആരോപണം. 2008ലെ ബിജെപി സർകാർ ഭരണത്തിൽ മംഗ്ളുറു കുലശേഖരയിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനക്ക് എത്തിയ വൈദികരേയും കന്യാസ്ത്രീകളേയും നഴ്സറി വിദ്യാർത്ഥികളേയും വരെ പൊലീസ് തലങ്ങും വിലങ്ങും തല്ലിയിരുന്നു. അന്ന് കദ്രി പൊലീസ് ഇൻസ്പെക്ടറായിരുന്ന ഗണപതിയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പിൻബലമുണ്ട്, ഒന്നും പേടിക്കാനില്ല എന്ന പ്രഖ്യാപനത്തോടെ മർദനത്തിന് നേതൃത്വം നൽകിയിരുന്നത്. ഈ പകയോടെ ആഭ്യന്തര മന്ത്രി ജോർജ് തന്നെ സർവീസിൽ കൈകാര്യം ചെയ്തുവെന്നായിരുന്നു ഡിവൈ എസ് പിയുടെ ആരോപണ മർമം.

ഗണപതിയുടെ മകൻ നെഹൽ ഫയൽ ചെയ്ത സ്വകാര്യ ഹരജി പരിഗണിച്ച് മടിക്കേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മന്ത്രി ജോർജ്ജിനെതിരെ കേസെടുക്കാൻ നിർദേശിച്ചു. മടിക്കേരി ടൗൺ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതിന്റെ അടുത്ത മണിക്കൂറിൽ ജോർജ് മന്ത്രിസ്ഥാനം രാജിവച്ചു. ജോർജിന് ക്ലീൻ ചിറ്റ് നൽകിയാണ് 260 പേജുള്ള റിപോർട് സമർപിച്ച് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. ജോർജ് മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു.

Keywords: News, National, Top-Headlines, Bangalore, Karnataka, BJP, Congress, Politics, Udupi, Mangalore, Police, Minister, There is no one else in the Karnataka cabinet Malayalee moral shine.
< !- START disable copy paste -->

Post a Comment