Motivational Speaker Sabarimala | 'ഖുര്‍ആന്‍ വായിച്ചു തുടങ്ങിയതോടെ ഞാന്‍ ആ സത്യം മനസിലാക്കി, അതൊരു വിസ്മയകരമായൊരു ഗ്രന്ഥമാണ്'; ഇസ്ലാം മതത്തിലേക്ക് ചേര്‍ന്ന പ്രശസ്ത തമിഴ് മോടിവേഷനല്‍ സ്പീകറും അധ്യാപികയുമായ ശബരിമല ജയകാന്തന്‍

 



ചെന്നൈ: (www.kvartha.com) ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് ചേര്‍ന്ന പ്രശസ്ത തമിഴ് മോടിവേഷനല്‍ സ്പീകറും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ശബരിമല ജയകാന്തന്‍ തന്റെ മതം മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ്. 

സഊദി സന്ദര്‍ശനത്തിനെത്തിയ അവര്‍ മക്കയിലെ ഹറം പള്ളിയില്‍ കഅ്ബയ്ക്ക് മുന്നില്‍നിന്നാണ് ഇസ്ലാം മതത്തിലേക്ക് മാറിയതായി പ്രഖ്യാപിച്ചത്. താന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും ഇനിമുതല്‍ ഫാത്വിമ ശബരിമല എന്നാണ് തന്റെ പേരെന്നും അധ്യാപിക തന്നെയാണ് വെളിപ്പെടുത്തിയത്. 

'മുസ്ലീമായിരിക്കുന്നത് വലിയൊരു ആദരവും ബഹുമതിയുമാണ്. എന്തുകൊണ്ടാണ്, ലോകത്തെങ്ങും മുസ്ലീങ്ങളോട് ഇത്രയും വിദ്വേഷമെന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. അതറിയാന്‍ ഞാന്‍ നിഷ്പക്ഷ മനസോടെ ഖുര്‍ആന്‍ വായിച്ചു തുടങ്ങി. അങ്ങനെയാണ് ആ സത്യം മനസിലാക്കിയത്. ഇപ്പോള്‍ എന്നെക്കാളും ഞാന്‍ ഇസ്ലാമിനെ സ്നേഹിക്കുന്നു. ഖുര്‍ആന്‍ വിസ്മയകരമായൊരു ഗ്രന്ഥമാണ്. അതെന്തിനാണ് വീട്ടില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത്? ലോകമത് വായിക്കണം',- ഹറം പള്ളിയില്‍നിന്നുള്ള വീഡിയോ സന്ദേശത്തില്‍ ശബരിമല ജയകാന്തന്‍ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ആദരവും സ്നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകള്‍ ഫാത്വിമയുടെ പേരുതന്നെ സ്വീകരിക്കാന്‍ കാരണമെന്നും ശബരിമല വ്യക്തമാക്കി. കഅ്ബയെ പുതപ്പിക്കുന്ന പ്രത്യേക വിരിപ്പായ കിസ്വ നിര്‍മാണ കേന്ദ്രത്തില്‍ പ്രത്യേക അതിഥിയായി സന്ദര്‍ശിക്കാനും അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. കേന്ദ്രം സന്ദര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പ്ലസ്ടു റാങ്കുകാരിയായിരുന്ന എസ് അനിത എന്ന വിദ്യാര്‍ഥിനി മെഡികല്‍ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്തതിന് പിന്നാലെ നീറ്റ് പരീക്ഷയില്‍ പ്രതിഷേധിച്ച് 2017ല്‍ സര്‍കാര്‍ ജോലി രാജിവച്ച ശബരിമല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൂഡല്ലൂറില്‍ കാട്ടുമന്നാര്‍ഗുഡിയിലുള്ള ഗവ. സ്‌കൂളില്‍ അധ്യാപികയായിരുന്നു അവര്‍.  

ജോലിയെക്കാളും പ്രധാനം രാജ്യമാണെന്ന് പ്രഖ്യാപിച്ച ശബരിമല ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മോടിവേഷനല്‍ സ്പീകറായി മാറുന്നതും അങ്ങനെയായിരുന്നു. 2020ല്‍ സ്ത്രീ അവകാശങ്ങള്‍ക്കായി 'പെണ്‍ വിടുതലൈ കച്ചി' എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ടിക്കും തുടക്കമിട്ടു.

വിദ്യാഭ്യാസനീതിയും പെണ്‍കുട്ടികളുടെ സുരക്ഷയും സ്ത്രീ അവകാശങ്ങളും മുന്‍നിര്‍ത്തി 2002 മുതല്‍ തന്നെ സാമൂഹിക പ്രവര്‍ത്തനരംഗത്ത് അവര്‍ സജീവമായിരുന്നു ശബരിമല. 2017ല്‍ 'വിഷന്‍ 2040' എന്ന പേരില്‍ പുതിയൊരു സംഘടനയ്ക്ക് തുടക്കമിട്ടു. പെണ്‍കുട്ടികളുടെ സുരക്ഷയും ഏക വിദ്യാഭ്യാസ സംവിധാനവും പ്രമേയമാക്കിയായിരുന്നു സംഘടന രൂപീകരിച്ചത്.

Motivational Speaker Sabarimala | 'ഖുര്‍ആന്‍ വായിച്ചു തുടങ്ങിയതോടെ ഞാന്‍ ആ സത്യം മനസിലാക്കി, അതൊരു വിസ്മയകരമായൊരു ഗ്രന്ഥമാണ്'; ഇസ്ലാം മതത്തിലേക്ക് ചേര്‍ന്ന പ്രശസ്ത തമിഴ് മോടിവേഷനല്‍ സ്പീകറും അധ്യാപികയുമായ ശബരിമല ജയകാന്തന്‍


പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തോളം വിദ്യാര്‍ഥികളെ നേരില്‍കണ്ട് ബോധവല്‍ക്കരണം നടത്തി. ഇതേ വിഷയത്തില്‍ പുസ്തകവുമെഴുതി. 5,000ത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. കോയമ്പതൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട റിതന്യശ്രീയുടെ കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കൈമാറിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മോടിവേഷന്‍ പ്രസംഗരംഗത്ത് സജീവമായതോടെ നിരവധി വേദികളാണ് ശബരിമലയെ തേടിയെത്തിയത്. 200ലേറെ പ്ലാറ്റ്ഫോമുകളില്‍ പാനലിസ്റ്റായി. ചാനലുകളില്‍ നിരവധി പ്രോഗ്രാമുകളുടെ അവതാരകയായും നിറഞ്ഞിരുന്നു.

അതേസമയം, ഫാത്വിമ ആയ ശബരിമലയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുള്ളത്. മതപരമായ മാറ്റം ഉള്‍കൊള്ളുന്ന താങ്കളുടെ പ്രസംഗങ്ങളില്‍ ഇനി നിഷ്പക്ഷമായ നിലപാട് ഉണ്ടാകില്ലല്ലോ എന്ന ആശങ്കയാണ് ചിലര്‍ ഉന്നയിക്കുന്നത്. എന്നാല്‍, മതപരമായ രീതിയില്‍ മോടിവേഷനല്‍ പ്രസംഗങ്ങള്‍ ശബരിമല നടത്തിയിട്ടില്ലെന്നും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടിയാണ് അവര്‍ കൂടുതലും നിലകൊള്ളുന്നതെന്നും ഇവരുടെ ആരാധകര്‍ പറയുന്നു.

Keywords: News,National,India,chennai,Teacher, Muslim, Tamil motivational speaker sabarimala converts to Islam after reading Quran 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia