പാലക്കാട്: (www.kvartha.com 16.04.2022) പാലക്കാട്ടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഉപേക്ഷിച്ച നിലയില്‍ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയ കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. KL9 AQ 79 Ol എന്ന ആള്‍ടോ 800 കാര്‍ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രമേശ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നല്‍കിയ അലിയാര്‍ പറഞ്ഞു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാര്‍. ഇത് ഉപയോഗിക്കുന്നത് അലിയാര്‍ ആണ്. അമ്പലത്തില്‍ പോകാനാണ് എന്ന് പറഞ്ഞാണ് വെള്ളിയാഴ്ച രാവിലെ 9.30ന് കാര്‍ രമേശ് കൊണ്ടുപോയതെന്നും ഇയാള്‍ പറഞ്ഞു.
സംഭവം നടന്ന ശേഷം രമേശിന്റെ ഫോണ്‍ സ്വിച് ഓഫ് ആണ്. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് വെള്ളിയാഴ്ചത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാര്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കഞ്ചിക്കോട് കാര്‍ കണ്ടതെന്ന് സമീപത്തെ കടയുടമ പറയഞ്ഞു. രണ്ട് മണിയോടെയാണ് കാര്‍ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാര്‍ പറഞ്ഞു. കൊലപാതകം നടന്ന പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്.
കൊലയാളിസംഘം കാര്‍ ഇവിടെയുപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് വെള്ളിയാഴ്ചത്തന്നെ പൊലീസ് പറഞ്ഞിരുന്നു. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കൊലയാളികള്‍ രണ്ടു വാഹനങ്ങളിലായി എത്തിയെന്നാണ് സാക്ഷിമൊഴി. ഒരു വാഹനം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്‌ഷോപിലായിരുന്നു. ആരാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും ആറുമുഖന്‍ പറഞ്ഞു.
ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വര്‍ക്‌ഷോപില്‍ നല്‍കിയിരുന്നു. ഏത് വര്‍ക്‌ഷോപ് എന്നറിയില്ല. കാറ് നന്നാക്കാന്‍ 30000 നടുത്ത് ചെലവ് വരുമെന്ന് പറഞ്ഞിരുന്നെന്നും തന്റെ കൈയ്യിലും പണമില്ലായിരുന്നെന്നും സഞ്ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും അര്‍ഷിക പറഞ്ഞു. സഞ്ജിത്തിന്റെ ഭാര്യയെ അന്വേഷണ സംഘം വെള്ളിയാഴ്ച രാത്രി മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തു.