എറണാകുളം: (www.kvartha.com) സംസ്ഥാനത്തെ യുവ ഐ എ എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ് രാജും വിവാഹിതരാകുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ച് അടുത്ത ഞായറാഴ്ച ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് താലിക്കെട്ടുന്ന ചടങ്ങിലേക്ക് ക്ഷണമുള്ളത്.
ശ്രീറാമിന്റെയും രേണുവിന്റെയും കുടുംബങ്ങള്‍ തമ്മിലെടുത്ത തീരുമാനമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. ശ്രീറാമിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി രേണുവിന്റെ കുടുംബം വിവാഹത്തിന് താത്പര്യം പ്രകടപ്പിക്കുകയായിരുന്നു. സര്‍വീസിലെ സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വച്ച് മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായി സസ്പെന്‍ഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോയിന്‍ സെക്രടറിയും കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം ഡിയുമാണ്. ആലപ്പുഴ ജില്ലാ കലക്ടറാണ് രേണു രാജ്.
എംബിബിഎസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സര്‍വീസിലെത്തുന്നത്. ദേവികുളം സബ്കലക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. എംബിബിഎസിന് ഒപ്പം പഠിച്ച ഭഗതുമായിട്ടായിരുന്നു രേണുവിന്റെ ആദ്യവിവാഹം.