പാലക്കാട്: (www.kvartha.com) ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയില്‍. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇതില്‍ നേരിട്ട് വെട്ടിയ ആദ്യ ആളിനെയാണ് പിടികൂടിയിട്ടുള്ളതെന്നും അന്വേഷണസംഘം അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനെ ഉണ്ടായേക്കും.
അവശേഷിക്കുന്ന പ്രതികളെക്കൂടി കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണെന്ന് എഡിജിപി വിജയ് സാഖറേ വ്യക്തമാക്കി. അന്വേഷണ പുരോഗതി ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ വിലയിരുത്തും.
ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പെട്ട ഇഖ്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു.
അവശേഷിക്കുന്ന രണ്ട് ബൈകുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. ബാക്കി മറ്റു പ്രതികളിലേക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.