ന്യൂഡെല്‍ഹി: (www.kvartha.com) ബന്ധു ഓടിച്ച സ്‌കൂടിയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയ സംഭവത്തില്‍ ബിഹാര്‍ യുവതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബന്ധു ഓടിച്ച സ്‌കൂടിയില്‍ ഒമ്പത് കുപ്പി മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ ഉടമ പട്‌ന സ്വദേശി 21 കാരിക്കെതിരെ ബിഹാര്‍ പൊലീസ് നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു.
തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം നിരസിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപീലുമായെത്തിയത്. ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതി ഗൗരവമായി കാണുകയും, ഹൈകോടതി അതിന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും പരാതിക്കാരിയുടെ വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടു. നീതി അര്‍ഹിക്കുന്ന കേസുകളിലെ പ്രതികള്‍ സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മുകളില്‍ സൂചിപ്പിച്ച വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, അപീല്‍കാരിയെ അറസ്റ്റ് ചെയ്താല്‍, വിട്ടയക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വിചാരണ കോടതി ചുമത്തിയേക്കാവുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ഉടന്‍ ജാമ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
നിയമത്തിന്റെ 76(2) വകുപ്പില്‍ ഉപരോധമുണ്ടെങ്കിലും, ഒരു കേസില്‍, പ്രതിയുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ഭരണഘടനാ കോടതി എന്ന നിലയില്‍ ഹൈകോടതി അതിന്റെ അധികാരം വിനിയോഗിക്കാതിരിക്കാനുള്ള കാരണമൊന്നും കാണുന്നില്ല. സ്‌കൂടിയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് 21 വയസ്സുള്ള പെണ്‍കുട്ടിയെ പ്രോസിക്യൂട് ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല, സ്‌കൂടി അവളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും സംഭവ സമയത്ത് ഓടിച്ചിരുന്നത് അവള്‍ ആയിരുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.
ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ഹൈകോടതി വിസമ്മതിക്കുന്നത് മേല്‍കോടതിയിലേക്ക് അപീലുകള്‍ പ്രവഹിക്കാനിടയാക്കുമെന്നും കോടതി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമ ഹൈകോടതി വിനിയോഗിച്ചില്ലെങ്കില്‍ പരാതിക്കാര്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഏപ്രില്‍ ഏഴിന് ബിഹാറിലെ പട്‌ന ജില്ലയിലെ രൂപാസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ബിഹാര്‍ സര്‍കാരിന് നോടിസ് അയച്ചുകൊണ്ട് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.
ജനുവരി ആറിലെ പട്ന ഹൈകോടതി സിംഗിള്‍ ജഡ്ജിയുടെ കുറ്റപത്രം പ്രകാരമാണ് പെണ്‍കുട്ടിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
2016ലെ ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ആക്ട് സെക്ഷന്‍ 30(എ) പ്രകാരം പ്രതിക്കും നാല് പേര്‍ക്കും എതിരെ ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി എന്നും ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പെണ്‍കുട്ടി പറയുന്നു.
യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ പരാതിക്കാരിയുടെ സ്‌കൂടിയില്‍ നിന്ന് ഒമ്പത് കുപ്പി മദ്യം കണ്ടെടുത്തു, എന്നാല്‍ ഇരുചക്ര വാഹനം ഓടിച്ചത് പെണ്‍കുട്ടിയുടെ കൂട്ടുപ്രതികളിലൊരാള്‍ (Relative) ആണെന്നും വ്യക്തമാക്കി.കേസില്‍ കുറ്റപത്രം സമര്‍പിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ നിരോധന നിയമത്തില്‍ ഉയര്‍ന്നുവരുന്ന നിരവധി കേസുകളാണ് സുപ്രീം കോടതിയിലെത്തിയത്. ഇത് ജുഡിഷ്യല്‍ സംവിധാനത്തെ തടസപ്പെടുത്തുമെന്ന് കോടതി വീക്ഷിച്ചു.
Keywords: Supreme Court grants bail to Bihar woman whose Scooty was driven by cousin with liquor bottles, New Delhi, News, Supreme Court of India, Bail, Vehicles, Liquor, Criticism, National.