ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും. പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. വേനലവധിക്ക് കഴിഞ്ഞതിന് ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡെ ആണ് 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹര്‍ജികള്‍ ഇതുവരെ പരിഗണന പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്.
മണ്ഡല പുനര്‍നിര്‍ണയം നടക്കുകയാണെന്നും ശേഖര്‍ നാഫ്‌ഡെ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസിന്റെ വിശദാംശങ്ങള്‍ നല്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. അഞ്ചംഗ ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണിത്. വേനല്‍ അവധിക്കുശേഷം ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബെഞ്ച് കേസ് കേള്‍ക്കണം എന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ ഉള്‍പെടെ 20 ഹര്‍ജികളാണ് കോടതിയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ ആഗസ്റ്റില്‍ വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് യുയു ലളിതിനും രണ്ടു മാസത്തെ കാലാവധിയേ ഉള്ളു. അതിനാല്‍ ഹര്‍ജികളില്‍ അവസാന തീരുമാനം വരാന്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനു മുമ്പ് തെരഞ്ഞെടുപ്പിനുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നേക്കും.
2019 ഓഗസ്റ്റ് അഞ്ചിനാണ്, ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പദവി റദ്ദാക്കികൊണ്ട് ഇന്‍ഡ്യാ ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ന്യായീകരിച്ചിരുന്നു. സംസ്ഥാനം ഇതുകാരണം വികസനത്തിന്റെ പാതയിലെന്നും കശ്മീരിലെത്തിയ നരേന്ദ്ര മോദി പല്ലിയില്‍വച്ച് പറഞ്ഞു.